മുംബൈ : മഹാരാഷ്‌ട്രയിൽ മുംബൈ പൊലീസിന് ഭീഷണി കോൾ ചെയ്‌തയാൾ അറസ്‌റ്റിൽ. ജൂൺ 24 ന് നഗരത്തിലെ അന്ധേരി, കുർള മേഖലകളിലും പൂനെയിലും ബോംബ് സ്‌ഫോടനം നടക്കുമെന്നായിരുന്നു ഭീഷണി സന്ദേശം. സംഭവത്തിൽ ഉത്തർപ്രദേശിലെ ജൗൻപൂർ സ്വദേശി ദർവേഷ് രാജ്‌ഭറിനെയാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്.
വ്യാഴാഴ്‌ചയാണ് ബോംബ് സ്‌ഫോടനം നടക്കുമെന്ന് പൊലീസിന് ഭീഷണി കോൾ വന്നത്. ബോംബ് ഭീഷണി കൂടാതെ ഇയാൾ പൊലീസിനോട് പണവും ആവശ്യപ്പെട്ടിരുന്നു. ശനിയാഴ്‌ച വൈകീട്ട് 6.30 ന് അന്ധേരിയിലെ കുർള വെസ്റ്റിലും പൂനെയിലും ബോംബ് സ്‌ഫോടനം നടക്കുമെന്ന് ദർവേഷ് പൊലീസിനോട് മുന്നറിയിപ്പെന്ന പോലെ പറഞ്ഞു.
സ്‌ഫോടനം തടയാൻ രണ്ട് ലക്ഷം രൂപ വേണമെന്നും പൊലീസിനോട് ആവശ്യപ്പെട്ടു. തുക നൽകിയാൽ സ്‌ഫോടനം തടയുക മാത്രമല്ല, തന്‍റെ ആളുകളുമായി മലേഷ്യയിലേക്ക് പോകുമെന്നും ദർവേഷ് കോളിൽ പൊലീസിനോട് പറഞ്ഞിരുന്നു. കോൾ വ്യാജമാകാമെന്ന് സംശയിച്ച പൊലീസ് സംഭവത്തിൽ കേസ് രജിസ്‌റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചിരുന്നു.
ഫോൺ കോളിന്‍റെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണത്തിനൊടുവിൽ ഉത്തർപ്രദേശിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. അതേസമയം സ്‌ഫോടനം നടത്താൻ തനിക്ക് രണ്ട് കോടി രൂപ മറ്റൊരാൾ വാഗ്‌ദാനം ചെയ്‌തതായും ദർവേഷ് പൊലീസിന്‍റെ പിടിയിലായ ശേഷം വെളിപ്പെടുത്തി. എന്നാൽ സംഭവത്തിന് പിന്നിലെ സൂത്രധാരന്‍റെ പേര് ഇയാൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പ്രതിക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 505 (1) (ബി), 505 (2), 185 എന്നിവ പ്രകാരം അംബോലി പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.