മുംബൈ: ടെലിവിഷൻ റേറ്റിങ് പോയിന്‍റ്‌സ് (ടിആർപി) അഴിമതി കേസുമായി ബന്ധപ്പെട്ട് അർണബ് ഗോസ്വാമിക്കും മറ്റ് 22 പ്രതികൾക്കുമെതിരെ മുംബൈ പൊലീസ് പുതിയ കുറ്റപത്രം സമർപ്പിച്ചു. 1,912 പേജുള്ള അനുബന്ധ കുറ്റപത്രം അന്വേഷണ ഏജൻസികൾ കോടതിയിൽ സമർപ്പിച്ചു. ഏറ്റവും പുതിയ കുറ്റപത്രത്തിൽ ഏഴ് പേരെ കൂടി പ്രതികളാക്കി.
പ്രതിപ്പട്ടികയിൽ ഏഴ് പേർ കൂടി
അർണബ് ഗോസ്വാമി, പ്രിയ മുഖർജി, ശിവ സുബ്രഹ്മണ്യം, അമിത് ഡേവ്, സഞ്ജയ് വർമ്മ, ശിവേന്ദ്ര മുൽഡെർക്കർ, രഞ്ജിത് വാൾട്ടർ എന്നിവരാണ് പ്രധാന പ്രതികൾ. ഇവർക്ക് പുറമേ 16 മുതൽ 22 നമ്പർ വരെ പ്രതികൾ പുതുതായി ചേർത്തതായി പൊലീസ് അറിയിച്ചു.
Read more:മഹാരാഷ്ട്രയില്‍ വ്യാജ ടിആർപി റാക്കറ്റ്: രണ്ട് ചാനല്‍ ഉടമകൾ അറസ്റ്റില്‍
അഴിമതി പുറത്ത് വന്നത് 'ബാർകി'ന്‍റെ പരാതിയെ തുടർന്ന്
റിപ്പബ്ലിക് ടിവി ഉൾപ്പെടെ ചില ടെലിവിഷൻ ചാനലുകൾ ടിആർപി ഉയർത്തിക്കാട്ടിയെന്ന് ആരോപിച്ച് റേറ്റിങ് ഏജൻസി ബ്രോഡ്‌കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിൽ (ബാർക്) ഹൻസ റിസർച്ച് ഗ്രൂപ്പ് വഴി പരാതി നൽകിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. പ്രേക്ഷകരുടെ വീടുകളിലുള്ള മീറ്ററിൽ നിന്ന് ടിആർപി അളക്കുന്ന ബാർക്കിന്‍റെ ഉടമകളിൽ ഒന്നാണ് ഹൻസ.
കേസുമായി ബന്ധപ്പെട്ട് റിപ്പബ്ലിക് ടിവിയുടെ വിതരണ മേധാവി ഘൻശ്യാം സിങ്, സിഇഒ വികാസ് ബഞ്ചന്ദാനി എന്നിവരെയും കഴിഞ്ഞ വർഷം മുംബൈ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. കേസിൽ നേരത്തെ മുംബൈ 1,400 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്.
Read more:ടിആർപി തട്ടിപ്പ് കേസ്; റിപ്പബ്ലിക് ടിവിയുടെ വിതരണ മേധാവിയും അറസ്റ്റിൽ