മുംബൈ : മാധവൻ, മീരജാസ്‌മിൻ എന്നിവര്‍ ജോഡികളായി അഭിനയിച്ച് 2002ല്‍ പുറത്തിറങ്ങിയ തമിഴ് ഹിറ്റ് 'റൺ' എന്ന സിനിമയിലെ കോമഡി രംഗത്തില്‍ കാക്ക ബിരിയാണിയെ കുറിച്ച് പറയുന്നുണ്ട്. തമിഴ് കൊമേഡിയൻ വിവേക് അഭിനയിച്ച ആ രംഗം ഇന്ന് യൂട്യൂബിലും മറ്റ് സാമൂഹിക മാധ്യമങ്ങളിലും ട്രോൾ ആയി വലിയ പ്രചാരത്തിലുണ്ട്. സംഗതി അത്ര കോമഡി അല്ലെങ്കിലും സമാനമായ അഭ്യൂഹങ്ങളാണ് മുംബൈ നഗരത്തില്‍ ഉയരുന്നത്. ഇതുസംബന്ധിച്ച് റിട്ടയേർഡ് ആർമി ക്യാപ്റ്റൻ ഹരീഷ് ഗഗലാനി പരാതി നല്‍കിയതോടെയാണ് ഇക്കാര്യം വാര്‍ത്താപ്രാധാന്യം നേടിയത്.
ചിക്കന്‍ ബിരിയാണി എന്ന പേരില്‍ മുംബൈയിലെ ഹോട്ടലുകളിലും ബാറുകളിലും 'പ്രാവ് ബിരിയാണി' വില്‍ക്കുന്നുവെന്ന് കാണിച്ച് ഇയാള്‍ പൊലീസില്‍ പരാതി നല്‍കിയതാണ് സംഭവം. മുംബൈയില്‍ ഹരീഷ് താമസിക്കുന്ന റെസിഡന്‍ഷ്യല്‍ സൊസൈറ്റി കെട്ടിടത്തിന്‍റെ ടെറസില്‍ വളർത്തുന്ന പ്രാവുകളെ, ബിരിയാണിയില്‍ ഇത്തരത്തില്‍ ഉള്‍പ്പെടുത്താന്‍ ഹോട്ടലുകള്‍ക്കും ബാറുകള്‍ക്കും അഭിഷേക് സാവന്ത് എന്നയാള്‍ രഹസ്യമായി വിൽപ്പന നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്.
പരാതി, 'പ്രാവ് ബിരിയാണി' അഭ്യൂഹം ശക്തമായിരിക്കെ :ചിക്കന്‍ ബിരിയാണി, 'പ്രാവ് ബിരിയാണി'യായി മാറിയെന്ന് തെളിയിക്കുന്ന ചില ഫോട്ടോകളും തെളിവായി ഈ 71 കാരന്‍ പൊലീസിന് നല്‍കിയിട്ടുണ്ട്. പരാതി പ്രകാരം അഭിഷേക് സാവന്ത് എന്നയാള്‍ക്കെതിരെ കേസെടുത്ത സിയോൺ പൊലീസ് വിഷയത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുംബൈയിലെ ചില ഹോട്ടലുകളിൽ പ്രാവിന്‍റെ ഇറച്ചി വിളമ്പുന്നുവെന്ന് ആളുകള്‍ അടക്കം പറയുന്ന സാഹചര്യത്തില്‍ കൂടിയാണ് പൊലീസിന് ഈ പരാതി ലഭിക്കുന്നത്. 'ഞാന്‍ താമസിക്കുന്ന അതേ കെട്ടിടത്തിലാണ് അഭിഷേക് സാവന്ത് എന്നയാളും കഴിയുന്നത്. 2022 മാർച്ച് മുതൽ മെയ് വരെ സാവന്ത് കെട്ടിടത്തിന്‍റെ മുകളില്‍ പ്രാവുകളെ വളർത്തിയിരുന്നു. പിന്നീട്, അവയെ മുംബൈയിലെ ചില ഹോട്ടലുകളിൽ ഇറച്ചിക്കായി വില്‍പന നടത്തി' - ഹരീഷിന്‍റെ പരാതിയിൽ പറയുന്നു.
'സാവന്ത് തന്‍റെ വാഹനത്തിന്‍റെ ഡ്രൈവർ മുഖേനയാണ് മുംബൈയിലെ ഹോട്ടലുകളിലും ബാറുകളിലും പ്രാവുകളെ വിൽപന നടത്തിയത്. കെട്ടിടത്തില്‍ സെക്യൂരിറ്റി ആയി നിന്നയാള്‍ പ്രാവുകള്‍ക്ക് വെള്ളം കൊടുക്കാൻ മുകളിലേക്ക് കയറാറുണ്ടായിരുന്നു. ഇദ്ദേഹമാണ് ഈ പക്ഷികളെ വളര്‍ത്തുന്നതിനെക്കുറിച്ച് മറ്റുള്ളവരോട് പറഞ്ഞത്'. ഹരീഷ് പരാതിയില്‍ വ്യക്തമാക്കി. അതേസമയം, ഈ കെട്ടിടത്തിലെ ഭൂരിഭാഗം താമസക്കാര്‍ക്ക് ഇതേക്കുറിച്ച് അറിയില്ലായിരുന്നുവെന്നാണ് വിവരം. ഇതേ വിഷയത്തില്‍ റെസിഡന്‍ഷ്യല്‍ സൊസൈറ്റി കെട്ടിടത്തിന്‍റെ പ്രസിഡന്‍റിനും സെക്രട്ടറിക്കുമെതിരെയും പൊലീസില്‍ പരാതി ലഭിച്ചിട്ടുണ്ട്.
കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും അറസ്റ്റില്ല:കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ടെങ്കിലും അന്വേഷണം പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്‌തിട്ടില്ല. പൊതുതാത്‌പര്യത്തിന് വിപരീതമായി പക്ഷികളെ ഉപയോഗിച്ചതിന് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 34, 429, 447 വകുപ്പുകള്‍ പ്രകാരമാണ് സിയോൺ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്‌തത്. മുംബൈ നഗരത്തിലെ ഹോട്ടലുകളില്‍ ബിരിയാണിയ്‌ക്ക് ആവശ്യക്കാര്‍ വലിയ തോതില്‍ ഉള്ളതുകൊണ്ടുതന്നെ കൂടുതല്‍ ലാഭം നേടാനാണ് കടക്കാര്‍ പ്രാവുകളെക്കൂടി ചേര്‍ക്കുന്നതെന്നാണ് വിവരം. വരും ദിവസങ്ങളില്‍ സമാനമായ പരാതികള്‍ ഉയര്‍ന്നുവരാന്‍ സാധ്യതയുണ്ട്.