കോഴിക്കോട് : ജില്ലയിൽ നിർമാണ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനിയെ നിർമാണ സാമഗ്രികൾ സപ്ലൈ ചെയ്യാമെന്ന് പറഞ്ഞ് കബളിപ്പിച്ച് പത്ത് ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ പ്രധാന പ്രതി പിടിയിൽ. മുംബൈ സ്വദേശി നീരവ് (29) ആണ് അറസ്റ്റിലായത്. മുംബൈയിലെ ബോറിവലിയില്‍ വെച്ച് കോഴിക്കോട് സിറ്റി സൈബര്‍ ക്രൈം പൊലീസാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.
ഇന്‍റർനെറ്റ് വഴി സെർച്ച് ചെയ്‌തും ഇന്ത്യ മാർട്ട് പോലെയുള്ള വെബ്സൈറ്റുകൾ സന്ദർശിച്ചും ആണ് പ്രതി നിർമാണ സാമഗ്രികൾ ലഭിക്കുന്നതിനായി അന്വേഷണം നടത്തിയത്. തുടർന്ന് കമ്പനിക്ക് നിർമ്മാണ സാമഗ്രികൾ താരതമ്യേന കുറഞ്ഞ വിലയ്ക്ക് നൽകാമെന്ന് ഓഫർ നൽകി. ഓൺലൈൻ വഴി ഓഫർ സ്വീകരിച്ച കമ്പനി എക്‌സിക്യുട്ടീവുകൾക്ക് വ്യാജ ജിഎസ്‌ടി ബിൽ അയച്ചുകൊടുക്കുകയും അഡ്വാൻസ് ആയി പണം കൈപ്പറ്റിയ ശേഷം നിർമാണ സാമഗ്രികൾ നൽകാതെ വഞ്ചിക്കുകയും ആയിരുന്നു.
മുംബൈയിൽ താമസിച്ച് തട്ടിപ്പുനടത്തി വന്നിരുന്ന പ്രതിയെ പഴുതടച്ച അന്വേഷണത്തിനൊടുവിലാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. കോഴിക്കോട് സിറ്റി സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്‌ടർ ദിനേഷ് കോറോത്തിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. നിരവധി ഫോണ്‍ നമ്പരുകളും കോള്‍ വിവരങ്ങളും പരിശോധിച്ചും, ഒട്ടേറെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിരീക്ഷിച്ചും, മേല്‍വിലാസങ്ങള്‍ പരിശോധിച്ചും, ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചുമാണ് പ്രതിയെ വലയിലാക്കിയത്.
പ്രതിയുടെ കയ്യില്‍ നിന്നും പല ആളുകളുടെ പേരിലുള്ള എടിഎം കാര്‍ഡുകളും പാൻ കാര്‍ഡുകളും കണ്ടെടുത്തിട്ടുണ്ട്. കോഴിക്കോട് സിറ്റി സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്‌ടർ പ്രകാശ് പി, എഎസ്ഐ ജിതേഷ് കൊള്ളങ്ങോട്ട്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ രാജേഷ് ചാലിക്കര, ഫെബിന്‍ കാവുങ്ങല്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.