പാലി:രാജസ്ഥാനിലെ പാലിയിൽ വയോധികയെ മർദിച്ചുകൊലപ്പെടുത്തി തലയിലെ മാംസം ഭക്ഷിച്ചതിന് 24കാരൻ പിടിയില്‍. ഇയാളുടെ വ്യക്തിവിവരം പൊലീസ് പുറത്തുവിട്ടിട്ടില്ല. മഹാരാഷ്‌ട്ര സ്വദേശിയാണെന്നാണ് രേഖകൾ പരിശോധിച്ചതില്‍ നിന്നും പൊലീസിന് വ്യക്തമായത്. പാലി ജില്ലയിലെ സെന്ദ്ര പൊലീസ് സ്റ്റേഷൻ പരിധിയിലെ പ്രദേശവാസിയായ ശാന്തി ദേവി കാത്തട്ടാണ് (60) കൊല്ലപ്പെട്ടത്.
സംഭവത്തെ തുടർന്ന് പ്രദേശത്ത് വന്‍തോതില്‍ പരിഭ്രാന്തി പടർന്നു. വിവരമറിഞ്ഞ് ഉടന്‍ തന്നെ എത്തിയാണ് പൊലീസ് പ്രതിയെ പിടികൂടിയത്. ശാരദന പ്രദേശവാസിയായ ശാന്തി ദേവി കാത്തട്ട് തനിച്ചാണ് താമസിച്ചിരുന്നത്. സംഭവം നടന്ന സമയത്തും വയോധിക വീട്ടില്‍ തനിച്ചായിരുന്നു. കല്ലുകൊണ്ട് പരിക്കേൽപ്പിച്ച് കൊലപ്പെടുത്തുകയും ശേഷം വയോധികയുടെ തലയിലെ മാംസം ഭക്ഷിക്കുകയുമായിരുന്നു.
കസ്റ്റഡിയിലെടുത്തത് കൈകാലുകള്‍ ബന്ധിച്ച്:ആടിനെ മേയ്ക്കുന്ന ആളുകളാണ് സംഭവം ആദ്യം കണ്ടത്. ഇതുകണ്ട് ഞെട്ടിയ ഇവര്‍ പ്രദേശവാസികളെ വിവരം അറിയിക്കുകയായിരുന്നു. ശേഷം നാട്ടുകാരാണ് പൊലീസില്‍ വിവരം അറിയിച്ചത്. പ്രതിയെ നിയന്ത്രിക്കാൻ പൊലീസുകാർ ഏറെ പാടുപെട്ടു. കൈകളും കാലുകളും ബന്ധിച്ചാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിയെ വൈദ്യ പരിശോധനയ്‌ക്കായി ബംഗാർ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ഈ സമയം പ്രതി അക്രമാസക്തനാവുകയും പൊലീസുകാർക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്‌തു.
പ്രതിയുടെ ആധാർ കാർഡ് ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ മുംബൈ സ്വദേശിയാണെന്ന് സ്ഥിരീകരിച്ചത്. ഇയാൾ എങ്ങനെ പാലി ജില്ലയിലെത്തി എന്നത് സംബന്ധിച്ചുള്ള അന്വേഷണം നടക്കുന്നുണ്ട്. നിലവിൽ പ്രതി മാനസികാരോഗ്യ വിദഗ്‌ധരുടെ നിരീക്ഷണത്തിലാണ്. കനത്ത സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തിയ ആശുപത്രിയിലെ തടങ്കൽ വാർഡിലാണ് ഇയാളെ നിലവില്‍ പാർപ്പിച്ചിരിക്കുന്നത്.
നരബലിക്കായി കൊലപ്പെടുത്തി, ശേഷം മാംസം ഭക്ഷിച്ചു:പ്രതികൾ മനുഷ്യ മാംസം ഭക്ഷിച്ചതിലൂടെ ഏറെ കുപ്രസിദ്ധി നേടിയ കേസാണ് പത്തനംതിട്ട ഇലന്തൂര്‍ ഇരട്ട നരബലിക്കേസ്. പ്രതികൾ മനുഷ്യ മാംസം ഭക്ഷിച്ചുവെന്ന് ആദ്യ കുറ്റപത്രത്തിൽ തന്നെ പരാമർശമുണ്ടായിരുന്നു. പ്രതികൾ കൂടുതൽ പേരെ നരബലിക്ക് ഇരയക്കാൻ ശ്രമിച്ചുവെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. പ്രതികളെ അറസ്റ്റുചെയ്‌ത് 89-ാം ദിവസമാണ് എറണാകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ പത്മ വധക്കേസിൽ കുറ്റപത്രം സമർപ്പിച്ചത്.
ALSO READ |'മനുഷ്യ മാംസം ഭക്ഷിച്ചു, കൂടുതൽ പേരെ ഇരയാക്കാൻ ശ്രമിച്ചു'; ഇലന്തൂര്‍ നരബലിക്കേസ് ആദ്യ കുറ്റപത്രത്തിലെ പരാമര്‍ശം പുറത്ത്
അപൂർവങ്ങളിൽ അപൂർവമായ കേസെന്ന് അന്വേഷണത്തിന്‍റെ മേൽനോട്ടം വഹിച്ച കൊച്ചി ഡിസിപി എസ് ശശിധരൻ മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രതികൾ ശിക്ഷിക്കപ്പെടുമെന്ന് നൂറ് ശതമാനം ആത്മവിശ്വാസമുണ്ട്. എല്ലാ തരത്തിലുമുള്ള തെളിവുകൾ ശേഖരിച്ച ശേഷമാണ് കുറ്റപത്രം സമർപ്പിച്ചത്. 1,600 പേജുകളുള്ള കുറ്റപത്രത്തോടൊപ്പം 307 രേഖകളും 147 മെറ്റീരിയൽ തെളിവുകളുമാണ് സമർപ്പിച്ചത്. സാക്ഷികളും ഫോൺ രേഖകളും ഉൾപ്പെടെ വിവിധ മേഖലകളിൽ വിശദമായ അന്വേഷണം നടത്തിയാണ് കുറ്റപത്രം സമർപ്പിച്ചതെന്നും ഡിസിപി വ്യക്തമാക്കി.