മുംബൈ:കൊവിഡ് വൈറസിന്‍റെ പുതിയ വകഭേദമായ ഒമിക്രോണ്‍ കേസുകള്‍ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ബി.എം.സി) പുതുവത്സരാഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. മുംബൈ നഗരത്തിലെ തുറസായ സ്ഥലങ്ങളിലും അടച്ചിട്ട മുറികളിലുമുള്ള ആഘോഷങ്ങള്‍ക്ക് നിയന്ത്രണമുണ്ട്.
മുംബൈ മുനിസിപ്പല്‍ കമ്മിഷണര്‍ ഇഖ്ബാല്‍ സിങാണ് പുതുവത്സരാഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തികൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ഇന്ന് (25.12.2021) അര്‍ധരാത്രി മുതലാണ് നിയന്ത്രണം നിലവില്‍ വരിക. മറിച്ചൊരുത്തരവ് ഉണ്ടാകുന്നത് വരെ നിയന്ത്രണം തുടരും. ഹോട്ടലുകള്‍, റസ്റ്റോറന്‍റുകള്‍, ബാറുകള്‍ എന്നിവയ്ക്ക് ഉത്തരവ് ബാധകമാണ്
ALSO READ:ജനുവരിയോടെ രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുമെന്ന് വിദഗ്ദ്ധര്‍
രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് ആറ് മണി വരെ പൊതുസ്ഥലങ്ങളില്‍ അഞ്ചില്‍ കൂടുതല്‍ ആളുകള്‍ ഒത്ത്ചേരുന്നതിന് മഹാരാഷ്ട്രയില്‍ നിരോധനമുണ്ട്. ഇതുസംബന്ധിച്ച ഉത്തരവ് ഇന്നലെയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചത്.
1,410 കോവിഡ് കേസുകളാണ് മഹരാഷ്ട്രയില്‍ ഇന്നലെ സ്ഥിരീകരിച്ചത് ഇതില്‍ 20 ഒമിക്രോണ്‍ കേസുകളാണ്. യു.എ.ഇയില്‍ നിന്ന് തിരിച്ച് വരുന്ന മുംബൈ നിവാസികള്‍ ഏഴ് ദിവസം വീട്ടില്‍ ക്വാറന്‍റൈനില്‍ കഴിയണമെന്ന് ബി.എം.സി ഇന്നലെ ഉത്തരവിട്ടിരുന്നു. യു.എ.ഇയില്‍ നിന്ന് മുംബൈ വിമാനത്താവളത്തിലെത്തുന്ന ഇന്ത്യയിലെ മറ്റ് ഭാഗങ്ങളില്‍ താമസിക്കുന്നവരുടെ യാത്ര ജില്ല കലക്ടറുടെ നിയന്ത്രണത്തിലായിരിക്കും എന്നും ഉത്തരവില്‍ പറയുന്നു.