മുംബൈ: മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കായി മുംബൈയിലും സമീപ ജില്ലകളിലും കണ്ടൽമരങ്ങൾ വെട്ടിമാറ്റാൻ അനുമതി നൽകി ബോംബെഹൈക്കോടതി. മുംബൈ കൂടാതെ പാൽഘർ, താനെ എന്നിവിടങ്ങളിലായി 20,000 കണ്ടൽമരങ്ങൾ വെട്ടിമാറ്റാനാണ് നാഷണൽ ഹൈ സ്പീഡ് റെയിൽ കോർപ്പറേഷന് (എൻഎച്ച്എസ്ആർസിഎൽ) ഹൈക്കോടതി അനുമതി നൽകിയത്. ഈ ആവശ്യം കാണിച്ച് എൻഎച്ച്എസ്ആർസിഎൽ 2020 ല്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചീഫ് ജസ്‌റ്റിസ് ദീപങ്കർ ദത്ത, ജസ്‌റ്റിസ് അഭയ് അഹൂജ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്‍റേതാണ് നടപടി.
ഹൈക്കോടതിയുടെ 2018ലെ ഉത്തരവ് പ്രകാരം, സംസ്ഥാനത്തുടനീളം കണ്ടൽക്കാടുകള്‍ മുറിക്കുന്നതിന് "സമ്പൂർണ മരവിപ്പിക്കൽ" നിലവിലുണ്ട്. ഇതുപ്രകാരം ഏതെങ്കിലും പൊതു പദ്ധതിക്ക് കണ്ടൽക്കാടുകൾ വെട്ടിമാറ്റണമെങ്കില്‍ അതോറിറ്റി ആഗ്രഹിക്കുന്നുവെങ്കിൽ ഓരോ തവണയും ഹൈക്കോടതിയിൽ നിന്ന് അനുമതി തേടേണ്ടതുണ്ട്. മാത്രമല്ല കണ്ടൽക്കാടുകളുള്‍പ്പെടുന്ന പ്രദേശത്തിന് ചുറ്റും 50 മീറ്റർ ബഫർ സോൺ സൃഷ്‌ടിക്കണമെന്നും ഈ ബഫർ സോണിനുള്ളിൽ നിർമാണ പ്രവർത്തനങ്ങളോ മാലിന്യങ്ങൾ വലിച്ചെറിയുന്നതോ അനുവദിക്കാനാവില്ലെന്നും പ്രസ്‌തുത ഉത്തരവിലുണ്ട്. അതുകൊണ്ടുതന്നെ 2020-ൽ സമർപ്പിച്ച ഹര്‍ജിയിൽ വെട്ടിമാറ്റുന്ന മൊത്തം കണ്ടൽ മരങ്ങളുടെ അഞ്ചിരട്ടി നടുമെന്നും അതില്‍ കുറവുണ്ടാകില്ലെന്നും എൻഎച്ച്എസ്ആർസിഎൽ കോടതിക്ക് ഉറപ്പ് നൽകിയിരുന്നു.