അഹമ്മദാബാദ്:ഗുജറാത്ത്, മുംബൈ എന്നിവിടങ്ങളില്‍ നിന്നായി 120 കോടിയിലധികം വിലമതിക്കുന്ന മെഫെഡ്രോൺ (Mephedrone) പിടിച്ചെടുത്ത് എൻസിബി (നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ). എയർ ഇന്ത്യയുടെ മുൻ പൈലറ്റടക്കം ആറുപേർ പിടിയിലായി. 60 കിലോഗ്രാം തൂക്കമുള്ള മെഫെഡ്രോണാണ് ഇന്ന് (ഒക്‌ടോബര്‍ ഏഴ്) പിടിച്ചെടുത്തത്.
ഗുജറാത്തിലെ ജാംനഗറിലെ ഇന്‍റലിജൻസ് യൂണിറ്റിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. എൻസിബി ഡെപ്യൂട്ടി ഡയറക്‌ടര്‍ ജനറൽ സഞ്ജയ് സിങാണ് വാർത്താസമ്മേളനത്തിൽ ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്. രാജ്യത്തിന്‍റെ വിവിധയിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന മയക്കുമരുന്ന് ശൃംഖലയ്‌ക്കെതിരെയാണ് നടപടി സ്വീകരിച്ചതെന്ന് സഞ്ജയ് സിങ് പറഞ്ഞു.