മുംബൈ :ലോഹക്കച്ചവടം നടത്തിയതിൽ ലാഭം നൽകാമെന്ന് പറഞ്ഞ് യുവതിയെ കബളിപ്പിച്ച് പണം തട്ടിയ അഞ്ചംഗ സംഘം മുംബൈയിൽ അറസ്റ്റിൽ. ഭാസ്‌കരറാവു യേശുഗോപു, അരിന്ദം അതിന്ദ്രകുമാർ ദേ, രജ്‌വീന്ദ്ര മെഹ്‌റ, സുമിത് കമൽ പഞ്ചാബി, നിയാസ് എന്ന കബീർ എന്നിവരാണ് പിടിയിലായത്.
കാനഡ ആസ്ഥാനമായ സ്ഥാപനത്തിന് വിലപിടിപ്പുള്ള ലോഹം വിറ്റതിലൂടെ 6.7 ബില്യൺ യൂറോ (ഏകദേശം 55,000 കോടി രൂപ) തങ്ങൾ സമ്പാദിച്ചെന്നും, 27 കോടി രൂപ ആർബിഐക്ക് നികുതിയായി നൽകിയാൽ ഇടപാടിന്‍റെ 40 ശതമാനം വിഹിതം നൽകാമെന്നും വിശ്വസിപ്പിച്ചാണ് യുവതിയിൽ നിന്ന് സംഘം പണം കവർന്നതെന്ന് പൊലീസ് പറഞ്ഞു.
ALSO READ: പഞ്ചാബിന്‍റെ 'സ്റ്റേറ്റ് ഐക്കൺ' പദവി റദ്ദാക്കി തെരഞ്ഞെടുപ്പ് കമ്മിഷൻ ; സ്വമേധയാ ഒഴിയുകയാണെന്ന് സോനു സൂദ്
ആർബിഐയുടെ ഫോറിൻ എക്‌സ്‌ചേഞ്ച് ഡിപ്പാർട്ട്‌മെന്‍റ് ഇടപാട് മരവിപ്പിച്ചെന്നും തുക ലഭിക്കാൻ 27 കോടി രൂപ വേണമെന്നും ഇവർ യുവതിയോട് പറഞ്ഞിരുന്നു. ആർബിഐ, ഡിആർഡിഒ, പ്രതിരോധ മന്ത്രാലയം, ബാർക്, ഓട്ടോമിക് എനർജി റെഗുലേറ്ററി ബോർഡ്, ഐഎസ്ആർഒ, റോ തുടങ്ങിയ സ്ഥാപനങ്ങളുമായുള്ള ബന്ധം കാണിക്കാൻ ഇവർ വ്യാജ രേഖകളും സൃഷ്ടിച്ചു.
ബുധനാഴ്‌ച ജുഹുവിലെ ഒരു ഹോട്ടൽ മുറിയിൽ വച്ച് പ്രാരംഭ തുകയായി 30,000 രൂപ പ്രതികളിലൊരാളായ ഭാസ്‌കരറാവുവിന് യുവതി കൈമാറുകയായിരുന്നു. ബാക്കി വ്യാഴാഴ്ചയ്ക്കുള്ളിൽ ഭാണ്ഡൂപ്പിൽ വച്ച് നൽകാമെന്നും വാഗ്ദാനം ചെയ്തു. യുവതി സുഹൃത്തുക്കളുമായി ഇക്കാര്യം പങ്കുവച്ചപ്പോഴാണ് തട്ടിപ്പാണെന്ന് തിരിച്ചറിയുന്നത്. തുടർന്ന് ഭാണ്ഡൂപ്പ് പൊലീസ് സ്റ്റേഷനിൽ പരാതിപ്പെടുകയായിരുന്നു.
ക്രൈംബ്രാഞ്ച് നടത്തിയ ഓപ്പറേഷനിൽ പ്രതികൾ കുടുങ്ങിയതായും ഇവർക്കെതിരെ വിവിധ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തതായും പൊലീസ് അറിയിച്ചു.