മുംബൈ:റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ അനധികൃതമായി ഓട്ടോറിക്ഷ കയറ്റിയ ഡ്രൈവര്‍ പിടിയില്‍. മഹാരാഷ്‌ട്രയിലെ ഈസ്‌റ്റ് മുംബൈ കുർള റെയിൽവേ സ്റ്റേഷനിലാണ് ഡ്രൈവറുടെ അതിക്രമം. പുറമെ, എംഎച്ച് 02 സിടി 2240 എന്ന നമ്പറിലുള്ള വാഹനവും റെയില്‍വേ പൊലീസ് (ആര്‍പിഎഫ്) കസ്റ്റഡിയിലെടുത്തു. ശനിയാഴ്‌ചയാണ് (ഒക്‌ടോബര്‍ 15) ഉദ്യോഗസ്ഥരുടെ നടപടി.
Video | റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ ഓട്ടോ കയറ്റി 'മാസ് പ്രകടനം'; ഡ്രൈവര്‍ അറസ്റ്റില്‍, വാഹനം പിടിച്ചെടുത്തു - maharashtra todays news
മഹാരാഷ്‌ട്ര കുർള റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിലേക്ക് ഒക്‌ടോബര്‍ 12നാണ് ഡ്രൈവര്‍ അനധികൃതമായി ഓട്ടോറിക്ഷ കയറ്റിയത്
ഒക്‌ടോബർ 12ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. പ്ലാറ്റ്‌ഫോമിലൂടെ ഡ്രൈവര്‍ വാഹനം ഓടിച്ചുപോകവെ ട്രെയിന്‍ യാത്രക്കാര്‍ ചോദ്യം ചെയ്യുകയും ഓട്ടോ പിടിച്ചുവയ്‌ക്കുകയും ചെയ്‌തു. സാമൂഹ്യ മാധ്യമങ്ങളില്‍ വന്‍ തോതിലാണ് ഈ വീഡിയോ പ്രചരിച്ചത്. റെയില്‍വേ ഉദ്യോഗസ്ഥരുടെ അനാസ്ഥയും സര്‍ക്കാര്‍ അമിത സ്വാതന്ത്ര്യം നല്‍കുന്നതുമാണ് ഇത്തരത്തില്‍ വാഹനം പ്ലാറ്റ്‌ഫോമില്‍ കയറ്റാന്‍ കാരണം എന്നതടക്കമുള്ള വിമര്‍ശനം ഉയര്‍ന്നിരുന്നു.
ഇന്ത്യന്‍ റെയില്‍വേ, ആര്‍പിഎഫ് എന്നിവയുടെ ഒഫിഷ്യല്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ടാഗുചെയ്‌താണ് ആളുകള്‍ വിമര്‍ശനം ഉയര്‍ത്തിയത്. തുടര്‍ന്നാണ്, ഡ്രൈവര്‍ക്കെതിരായ നടപടി. പ്രതിയുടെ പേരുവിവരം അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ഇയാള്‍ക്കെതിരെ സിആര്‍ നമ്പര്‍ 1305/22 യു/എസ് 159 ആര്‍എ വകുപ്പുകള്‍ ചുമത്തി കോടതിയിൽ ഹാജരാക്കിയെന്ന് ആര്‍പിഎഫ് മുംബൈ ഡിവിഷന്‍ ട്വീറ്റ് ചെയ്‌തു. എന്നാല്‍, അബദ്ധത്തിലാണ് താന്‍ ഓട്ടോ ഇവിടേക്ക് കയറ്റിയതെന്നാണ് ഡ്രൈവറുടെ വിശദീകരണമെന്ന് ആര്‍പിഎഫ് വൃത്തങ്ങള്‍ അറിയിച്ചു.