മുംബൈ (മഹാരാഷ്‌ട്ര): മലയാളികളെ കുടുകുടാ ചിരിപ്പിച്ച പുലിവാൽ കല്യാണം എന്ന സിനിമ ഓർമയില്ലേ? ഈ സിനിമയിൽ മുംബൈയിൽ നിന്നും കൊച്ചിയിലേക്ക് മണവാളനെ (സലീംകുമാർ) ധർമേന്ദ്ര (കൊച്ചിൻ ഹനീഫ) കാറിൽ എത്തിക്കുന്ന ഒരു സീനുണ്ട്. പ്രീമിയർ പദ്‌മിനി കാറുമായാണ് ധർമേന്ദ്രയുടെ വരവ്. ഒരു കാലത്ത് മലയാള സിനിമകളിൽ മുംബൈയെ അടയാളപ്പെടുത്തിയ പ്രധാന ഘടകങ്ങളിൽ ഒന്ന് ഈ കാലി പീലി ടാക്‌സികളായിരുന്നു.
എന്നാലിന്നിതാ ഈ ഐക്കോണിക്ക് പ്രീമിയർ പത്മിനി അഥവാ 'കാലി പീലി' ടാക്‌സി അവസാന സർവീസും നിർത്തിയിരിക്കുകയാണ് (Mumbai bids adieu Iconic Premier Padmini taxis). യാത്രാമാർഗം എന്നതിലുപരി മുംബൈയുടെ സാംസ്‌കാരിക സ്വത്വത്തിന്‍റെയും മുഖമായിരുന്ന ഐതിഹാസികമായ കാലി പീലി ടാക്‌സികൾ ഇന്ന് മുംബൈയിൽ നിരത്തിലിറങ്ങിയില്ല. പതിറ്റാണ്ടുകളായി നഗരത്തിന്‍റെ മുക്കിലും മൂലയിലും അവരെ എത്തിച്ച ഈ കാറിനോട് മുംബൈക്കാർ വൈകാരികമായി അത്രയേറെ അടുത്തിരുന്നു.
ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈക്ക് ടാക്‌സികളുമായി പ്രത്യേക ബന്ധമുണ്ട്, പ്രത്യേകിച്ച് പ്രീമിയർ പദ്‌മിനിയുമായി. ഇത് വെറുമൊരു വാഹനം മാത്രമല്ല, ലക്ഷക്കണക്കിന് മുംബൈക്കാരുടെ വികാരം തന്നെയായിരുന്നു. സൗത്ത് മുംബൈ മുതൽ കിഴക്കൻ പ്രാന്തപ്രദേശങ്ങൾ വരെ, രാത്രിയോ പകലോ എന്ന വ്യത്യാസമില്ലാതെ ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ എന്നിവയ്‌ക്ക് ചുറ്റും, പ്രീമിയർ പദ്‌മിനി ടാക്‌സികൾ സജീവമായിരുന്നു. ദശലക്ഷക്കണക്കിന് സാധാരണക്കാർ വർഷങ്ങളോളം ആശ്രയിച്ച പ്രീമിയർ പദ്‌മിനി ടാക്‌സികൾ തിങ്കളാഴ്‌ച മുതൽ മുംബൈ റോഡുകളിൽ നിന്ന് അപ്രത്യക്ഷമായി, ചുവന്ന ഡബിൾ ഡക്കർ ഡീസൽ ബസുകൾ മൺമറഞ്ഞ് പോയപോലെ (Premier Padmini taxis are going off Mumbai roads).
സാധാരണക്കാർക്ക് മാത്രമല്ല, രാഷ്‌ട്രീയ നേതാക്കൾക്കും വ്യവസായികൾക്കും അങ്ങനെ എല്ലാവർക്കും അവരുടേതായ പ്രീമിയർ പദ്‌മിനി ഓർമ്മകളുണ്ടാവും. മുംബൈയിലെ അതിവേഗ ജീവിതത്തിന്‍റെ പര്യായമായ കറുപ്പും മഞ്ഞയും നിറങ്ങളിലുള്ള ഓൺ-ഹെയർ വാഹനങ്ങൾ ഇനി പ്രവർത്തനത്തിലുണ്ടാവില്ല എന്നത് ആരെയും വേദനിപ്പിക്കുമെന്നുറപ്പ്. അവസാനം രജിസ്റ്റർ ചെയ്‌ത വാഹനവും കാലപ്പഴക്കത്താൽ ഓട്ടം നിർത്തിയിരിക്കുകയാണ്.
പുതിയ മോഡൽ കാറുകളുടെ വരവും ആപ്പ് അധിഷ്‌ഠിത ടാക്‌സി സർവീസുകളുമെല്ലാമാണ് പ്രീമിയർ പദ്‌മിനിയ്‌ക്ക് വിലങ്ങുതടി ആയതെന്നാണ് വിലയിരുത്തൽ. ദ്വീപ് നഗരമായ മുംബൈയുടെ അധികാര പരിധിയിലുള്ള ടാർഡിയോ റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫിസിൽ (ആർടിഒ) 2003 ഒക്ടോബർ 29നാണ് അവസാനത്തെ പ്രീമിയർ പദ്‌മിനി ബ്ലാക്ക് ആൻഡ് യെല്ലോ ടാക്‌സിയായി രജിസ്റ്റർ ചെയ്‌തതെന്ന് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്‌തു. മുംബൈയിലെ ക്യാബുകളുടെ കാലപരിധി 20 വർഷമാണ് എന്നതിനാൽ തിങ്കളാഴ്‌ച മുതൽ മെഗാസിറ്റിയിൽ ഔദ്യോഗികമായി പ്രീമിയർ പദ്‌മിനി ടാക്‌സി ഉണ്ടാകില്ല.
പഴയകാല ബോളിവുഡ് സിനിമകളിൽ, ഐക്കോണിക്ക് പ്രീമിയർ ടാക്‌സികൾ ഒരു അവിഭാജ്യ ഘടകമായിരുന്നു. 'ടാക്‌സി നമ്പർ 9211', 'ഖാലി-പീലി', 'ആ അബ് ലൗട്ട് ചലെ' എന്നി സിനിമകളെ മറക്കാനാവില്ല. പ്രീമിയർ പദ്‌മിനി കാറിൽ പോകുന്ന നായകന്മാർ ബോളിവുഡ് സിനിമാസ്വാദകർക്ക് സാധാരണ കാഴ്‌ച മാത്രമാണ്.