ശ്രീനഗര്‍:30 വര്‍ഷങ്ങള്‍ക്ക് ശേഷം കശ്‌മീരില്‍ വീണ്ടുമൊരു സിനിമ തിയേറ്റര്‍.കശ്‌മീരിലെ സോൻവാറിൽ നിര്‍മിച്ച അത്യാധുനിക മൾട്ടിപ്ലക്‌സ് തിയേറ്റർ ഇന്ന് (20.09.2022) പ്രവർത്തനം ആരംഭിച്ചു. ജമ്മു കശ്‌മീർ ഗവർണർ മനോജ് സിൻഹയാണ് ഉദ്‌ഘാടനം നിര്‍വഹിച്ചത്. ഐനോക്‌സ് രൂപകൽപ്പന ചെയ്‌തതും ഡിപി ധറിന്‍റെ ഉടമസ്ഥതയിലുള്ളതുമായ മൾട്ടിപ്ലക്‌സാണിത്.
ശ്രീനഗറിലെ സോൻവാറിൽ ബദാമി ബാഗ് ആർമി കന്‍റോൺമെന്‍റിന് എതിർവശത്താണ് തിയേറ്റര്‍ സ്ഥിതി ചെയ്യുന്നത്. ഉദ്‌ഘാടന ചിത്രമായി ആമിർ ഖാൻ മുഖ്യ കഥാപാത്രമായി എത്തുന്ന ‘ലാൽ സിങ് ഛദ്ദ’യാണ് പ്രദര്‍ശിപ്പിച്ചത്.
90കൾക്ക് മുന്‍പ് ശ്രീനഗർ നഗരത്തിൽ ഏകദേശം 12 സിനിമ കൊട്ടകകള്‍ ഉണ്ടായിരുന്നു. തീവ്രവാദി ആക്രമണങ്ങള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്‌തതിനെ തുടർന്ന് ഇവ അടച്ചുപൂട്ടി. ശേഷം, ഈ സിനിമ തിയേറ്ററുകള്‍ സുരക്ഷ സേനയുടെ ക്യാമ്പുകളും ഷോപ്പിങ് മാളുകളുമായി മാറി.
എന്നാല്‍, ഫാറൂഖ് അബ്‌ദുള്ള സർക്കാരിന്‍റെ കാലത്ത് 1998ൽ ബ്രോഡ്‌വേ, നീലം, റീഗൽ എന്നീ മൂന്ന് സിനിമ തിയേറ്ററുകള്‍ തുറന്നിരുന്നു. പിന്നീട് റീഗൽ കൊട്ടകയ്‌ക്ക് പുറത്ത് ഗ്രനേഡ് പൊട്ടിത്തെറിച്ചതോടെ തിയേറ്ററുകള്‍ അടച്ചുപൂട്ടി. ഇതിനുശേഷം കശ്‌മീരിൽ സിനിമ കൊട്ടകകള്‍ അടുത്തിടെയാണ് തുറന്നത്.