ന്യൂഡല്‍ഹി : 126 വർഷം പഴക്കമുള്ള മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ സുരക്ഷ സംബന്ധിച്ച് മേൽനോട്ട സമിതിക്ക് തീരുമാനമെടുക്കാമെന്ന് സുപ്രീം കോടതി. മേല്‍നോട്ട സമിതിക്ക് കൂടുതല്‍ അധികാരം നല്‍കുന്നത് ചര്‍ച്ച ചെയ്യാന്‍ തമിഴ്‌നാടിനോടും കേരളത്തോടും കോടതി നിര്‍ദേശിച്ചു. പുതിയ ഡാം സംബന്ധിച്ചുള്ള തീരുമാനം മേല്‍നോട്ട സമിതിയെടുക്കട്ടെയെന്നും കോടതി വ്യക്തമാക്കി.
നിലവിലുള്ള ഡാമിന്‍റെ താഴ്ഭാഗത്ത് പുതിയ അണക്കെട്ട് സ്ഥാപിക്കണമെന്ന കേരളത്തിന്‍റെ ആവശ്യം മേൽനോട്ട സമിതിക്ക് ചർച്ച ചെയ്ത് പരിഹരിക്കാവുന്നതാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉന്നയിച്ചുള്ള ഹർജികളിൽ വാദം കേൾക്കവേ ജസ്റ്റിസ് എ.എം.ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബഞ്ചാണ് ഇക്കാര്യം പറഞ്ഞത്. വിഷയത്തില്‍ സമഗ്രമായ സമീപനം സ്വീകരിച്ചുള്ള നടപടി വേണമെന്നും കോടതി പറഞ്ഞു.
ഇരുകക്ഷികള്‍ക്കിടയിലും ഇപ്പോഴും തെറ്റായ ആശയവിനിമയമുണ്ട്, എല്ലായിടത്തും സുരക്ഷാ പ്രശ്നത്തെക്കുറിച്ച് ആശങ്കയുണ്ട്. അതിനാൽ മേല്‍നോട്ട സമിതിക്ക് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നതായി ജസ്റ്റിസുമാരായ എഎസ് ഓക, സിടി രവികുമാർ എന്നിവരടങ്ങുന്ന ബഞ്ച് പറഞ്ഞു. നിലവില്‍ മേല്‍നോട്ട സമിതിക്ക് കാര്യമായ അധികാരമില്ലെന്ന് കേരളവും തമിഴ്‌നാടും കോടതിയെ അറിയിച്ചിരുന്നു.