ന്യൂഡൽഹി:മുല്ലപ്പെരിയാർ വിഷയത്തിൽ കേരളം സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് സുപ്രിംകോടതി ബുധനാഴ്ചത്തേക്ക് (15.12.2021 ) മാറ്റി. അറിയിപ്പില്ലാതെ തമിഴ്‌നാട് ജലം തുറന്ന് വിടുന്നത് തടയണമെന്നായിരുന്നു കേരളത്തിന്‍റെ ആവശ്യം.അപേക്ഷയിൽ മറുപടി സമർപ്പിക്കാൻ സമയം വേണമെന്ന തമിഴ്‌നാടിന്‍റെ അവശ്യം പരിഗണിച്ചാണ് കേസ് മാറ്റിയത്. ജസ്റ്റിസ് ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് തീരുമാനം.
മുന്നറിയിപ്പില്ലാതെ ഡാം തുറക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാടിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും തമിഴ്‌നാട് നടപടി തുടർന്നതോടെയാണ് കേരളം കോടതിയെ സമീപിച്ചത്.ജലനിരപ്പ് കുറച്ച് പ്രതിസന്ധി പരിഹരിക്കണമെന്നും, അണക്കെട്ടിൽ നിന്ന് വെള്ളം തുറന്ന് വിടുന്നതിനെ കുറിച്ച് തീരുമാനിക്കാൻ പുതിയ സമിതി രൂപീകരിക്കണം എന്നും ഹർജിയിൽ കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.ഇരു സംസ്ഥാനങ്ങളിലെയും അംഗങ്ങള്‍ ഉള്‍പെടുന്നതാകണം സമിതിയെന്നാണ് കേരളത്തിന്‍റെ നിലപാട്.