ഗുരുഗ്രാം (ഹരിയാന): മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രിയും സമാജ്‌വാദി പാർട്ടി നേതാവുമായ മുലായം സിങ് യാദവിന്‍റെ ആരോഗ്യനില അതീവ ഗുരുതരം. ജീവൻരക്ഷാ മരുന്നുകളുടെ സഹായത്തോടെയാണ് അദ്ദേഹത്തിന്‍റെ ജീവൻ നിലനിൽക്കുന്നതെന്ന് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്ന ഗുരുഗ്രാമിലെ മേദാന്ത ആശുപത്രി അധികൃതർ അറിയിച്ചു.
നിലവിൽ ഐസിയുവിൽ തുടരുന്ന അദ്ദേഹത്തിന്‍റെ ആരോഗ്യനില ഡോക്‌ടർമാരുടെ വിദഗ്‌ധ സംഘം നിരീക്ഷിച്ചു വരികയാണെന്ന് ആശുപത്രിയിലെ മെഡിക്കൽ ഡയറക്‌ടർ ഡോ. സഞ്ജീവ് ഗുപ്‌ത അറിയിച്ചു. ഓഗസ്റ്റ് 22 മുതൽ മുലായം സിങ് യാദവ് ചികിത്സയിലാണ്. ഒക്‌ടോബർ രണ്ടിന് ആരോഗ്യനില വഷളായതിനെ തുടർന്ന് 82കാരനായ എസ്‌പി തലവനെ മേദാന്ത ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
വെള്ളിയാഴ്‌ച(ഒക്‌ടോബര്‍ 7) പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ആശുപത്രിയിലെത്തി അദ്ദേഹത്തെ സന്ദർശിച്ചിരുന്നു. ബുധനാഴ്‌ച ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ, ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ് എന്നിവരും അദ്ദേഹത്തെ സന്ദർശിച്ചു. തെലങ്കാന മുഖ്യമന്ത്രി കെസിആറും മുലായം സിങ്ങിന്‍റെ ആരോഗ്യനില സംബന്ധിച്ച് മകനും സമാജ്‌വാദി പാർട്ടി നേതാവുമായ അഖിലേഷ് യാദവിനോട് അന്വേഷണം നടത്തി. ദസറയ്ക്ക് ശേഷം അദ്ദേഹത്തെ സന്ദർശിക്കാമെന്ന ഉറപ്പും കെസിആർ നൽകി.