ന്യൂഡല്‍ഹി:സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനെതിരെ പരിഹാസവുമായി കേന്ദ്ര ന്യൂനപക്ഷകാര്യ വകുപ്പ് മന്ത്രി മുഖ്‌താര്‍ അബ്ബാസ് നഖ്‌വി. അഖിലേഷ് യാദവ് തമാശകള്‍ പറയാനാണ് ശ്രമിക്കുന്നത് അല്ലാതെ തെരഞ്ഞടുപ്പില്‍ മത്സരിക്കാനല്ലെന്ന് അദ്ദേഹം പറഞ്ഞു. സാങ്കേതിക പ്രശ്ന്നങ്ങള്‍ ഉയര്‍ത്തികാട്ടിയുള്ള അഖിലേഷ് യാദവിന്‍റെ രാഷ്ട്രീയ പ്രതികരണങ്ങള്‍ തനിക്ക് മനസിലാവില്ലെന്നും നഖ്‌വി പറഞ്ഞു.
വരാന്‍പോകുന്ന ഉത്തര്‍പ്രദേശ് തെരഞ്ഞടുപ്പില്‍ പരാജയം മണത്താണ് ഇത്തരത്തിലുള്ള പ്രതികരണങ്ങള്‍ അഖിലേഷ് നടത്തുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു. "ഹെലികോപ്റ്റര്‍ 10മിനിട്ട് വൈകി, സൈക്കിള്‍ പഞ്ചറായി അത് ബിജെപിയാണ് ചെയ്തത്. മൊബൈല്‍ നെറ്റ്‌വര്‍ക്കില്‍ എന്തെങ്കിലും പ്രശ്ന്മുണ്ടായാല്‍ അതിന്‍റെ ഉത്തരവാദി ബിജെപി തുടങ്ങിയ പ്രതികരണങ്ങള്‍ നടത്തുന്നത് പരാജയഭീതി മൂലമാണെന്ന് നെഖ്‌വി പറഞ്ഞു.
ഒരു കാരണവുമില്ലാതെ തന്‍റെ ഹെലികോപ്റ്റര്‍ ഡല്‍ഹിയില്‍ തടഞ്ഞു നിര്‍ത്തിയെന്നും ഉത്തര്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് വിജയിക്കാനായി ബിജെപി എന്തും ചെയ്യുമെന്നതിന്‍റെ ഉദാഹരണമാണ് ഇതെന്നും അഖിലേഷ് യാദവ് ആരോപിച്ചിരുന്നു. ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറിലേക്കു പോകേണ്ട അഖിലേഷിന്‍റെ ഹെലികോപ്റ്റര്‍ പുറപ്പെടാന്‍ വൈകിയതിന് കാരണം ഉയര്‍ന്ന എയര്‍ ട്രാഫിക്കാണെന്നാണ് ഡല്‍ഹി വിമാനത്താവള അധികൃതരുടെ വിശദീകരണം. രാഷ്ട്രീയ ലോക്‌ദള്‍ നേതാവ് ജയന്ത് ചൗധരിയുമൊത്തുള്ള വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വേണ്ടിയായിരുന്നു അഖിലേഷ് യാദവ് മുസഫര്‍ നഗറിലേക്ക് തിരിച്ചത്.