ന്യൂഡൽഹി: രാജ്യത്തുടനീളം ബ്ലാക്ക് ഫംഗസ് കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ രോഗബാധയെ കുറിച്ചുള്ള കൂടുതൽ പഠനങ്ങളുമായി എയിംസ്. ബ്ലാക്ക് ഫംഗസ് അഥവാ മ്യൂകോർമൈക്കോസിസ് ശ്വാസകോശത്തിലേക്ക് പ്രവേശിക്കുമെങ്കിലും ഇതിനുള്ള സാധ്യത വളരെ കുറവാണെന്നും ആരോഗ്യവാനായ ഒരു വ്യക്തിയെ ഇത് ബാധിക്കില്ലെന്നും എയിംസ് പ്രൊഫസറും എൻഡോക്രൈനോളജി ആൻഡ് മെറ്റബോളിസം വിഭാഗം മേധാവിയുമായ ഡോ. നിഖിൽ ടൻഡൻ അറിയിച്ചു. ശരീരത്തിന്‍റെ രോഗപ്രതിരോധശേഷി അനുസരിച്ച് ബ്ലാക്ക് ഫംഗസിനെ ഒരാൾക്ക് നേരിടാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ കുറേ ആഴ്‌ചകളിലായി കൊവിഡിൽ നിന്നും മുക്തി നേടുന്നവരിൽ ബ്ലാക്ക് ഫംഗസ് അണുബാധയുടെ വർധനവ് കണ്ടുവരുന്നതായി എയിംസ് ഡയറക്‌ടർ ഡോ. ഗുലേറിയ ചൂണ്ടിക്കാട്ടി. 2002ൽ 'സാർസ്' പൊട്ടിപ്പുറപ്പെട്ട സമയത്തും മ്യൂകോർമൈക്കോസിസ് ഒരു പരിധിവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. കൊവിഡ് ബാധിതരിൽ തന്നെ പ്രമേഹരോഗികളിലാണ് അധികവും ബ്ലാക്ക് ഫംഗസ് സ്ഥിരീകരിക്കുന്നത്. മണ്ണ്, സസ്യങ്ങൾ, വളം, ചീഞ്ഞഴിഞ്ഞ പഴങ്ങൾ, പച്ചക്കറികൾ എന്നിവയിൽ സാധാരണയായി കാണപ്പെടുന്ന മ്യൂക്കോർ പൂപ്പലിൽ പ്രകാശനം സംഭവിക്കുന്നത് മൂലമുണ്ടാകുന്ന ഈ ഫംഗസ് അണുബാധ തലച്ചോറിനെയും ശ്വാസകോശത്തെയും സൈനസുകളെയും ബാധിക്കുകയും കൂടാതെ ഇത് പ്രമേഹരോഗികളെ കൂടാതെ കാൻസർ, എച്ച്ഐവി പോലുള്ള രോഗബാധിതരിലും മോശമായി ബാധിക്കുമെന്നും ഗുലേറിയ പറഞ്ഞു.