ശ്രീനഗർ: മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിന്‍റെ അനന്തരവൻ മുബാഷിർ ആസാദ് ബിജെപിയിൽ ചേർന്നു. ജമ്മുവിലെ ത്രികൂട നഗറിലെ പാർട്ടി ആസ്ഥാനത്തെത്തിയാണ് മുബാഷിർ ബിജെപിയിൽ അംഗത്വം നേടിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താഴെത്തട്ടിലുള്ള വികസന പ്രവർത്തനങ്ങളാണ് തന്നെ സ്വാധീനിച്ചതെന്ന് മുബാഷിർ പറഞ്ഞു.
ഗുലാം നബി ആസാദിന്‍റെ ഇളയ സഹോദരൻ ലിയാഖത്ത് അലിയുടെ മകനാണ് മുബാഷിർ. കോണ്‍ഗ്രസ് നേതൃത്വം തന്‍റെ അമ്മാവനെ അനാദരിച്ചു എന്നും ഇത് കാരണമാണ് താൻ കോണ്‍ഗ്രസിൽ നിന്ന് പിൻമാറിയതെന്നും മുബാഷിർ പറഞ്ഞു. എന്നാൽ ബിജെപിയിൽ ചേരുന്നതിനെക്കുറിച്ച് അമ്മാവനുമായി ചർച്ച നടത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. 2009 ഏപ്രിലിൽ ആസാദിന്‍റെ സഹോദരൻ ഗുലാം അലിയും ബിജെപിയിൽ ചേർന്നിരുന്നു.