ന്യൂഡൽഹി : മണിപ്പൂരിൽ കലാപ ബാധിത മേഖലകളിലെ സ്ഥിതിഗതികൾ വിലയിരുത്താൻ പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ' യുടെ എംപിമാരുടെ സംഘം ഇന്ന് മണിപ്പൂരിലെത്തും. രണ്ട് ദിവസം നീണ്ടുനിൽക്കുന്നതാണ് സന്ദർശനം. ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്‍റൽ ഇൻക്ലൂസീവ് അലയൻസ് (ഇന്ത്യ) 16 പാർട്ടികളിൽ നിന്നുള്ള 20 പാർലമെന്‍റ് അംഗങ്ങളാണ് മണിപ്പൂരിലേക്ക് പോകുന്നത്.
മണിപ്പൂരിൽ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തുകയും അവരുടെ ദുരവസ്ഥയിൽ തങ്ങൾ ആശങ്കാകുലരാണെന്ന സന്ദേശം എത്തിക്കുകയുമാണ് ലക്ഷ്യമെന്ന് പ്രതിപക്ഷ സഖ്യം വ്യക്തമാക്കി. പ്രതിനിധി സംഘം മണിപ്പൂർ ഗവർണറോട് കൂടിക്കാഴ്‌ചയ്‌ക്കായി സമയം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഞായറാഴ്‌ച നേരിൽ കാണുമെന്നും കോൺഗ്രസ് എംപി ഡോ നസീർ ഹുസൈൻ മാധ്യമങ്ങളോട് പറഞ്ഞു.
also read :തുറന്നെഴുതി സത്യദീപം... 'വിവസ്ത്രം, വികൃതം, ഭാരതം'; മോദിക്ക് രൂക്ഷ വിമർശനവുമായി അങ്കമാലി അതിരൂപത
20 അംഗ പ്രതിനിധി സംഘം : ഇരുപതംഗ പ്രതിനിധി സംഘത്തിൽ ലോക്‌സഭയിലെയും രാജ്യസഭയിലെയും എംപിമാരായ അധിർ രഞ്‌ജൻ ചൗധരി, ഗൗരവ് ഗൊഗോയ്, രാജീവ് രഞ്‌ജൻ ലാലൻ സിംഗ്, സുസ്‌മിത ദേവ്, കനിമൊഴി കരുണാനിധി, പി സന്തോഷ് കുമാർ, എഎ റഹീം, പ്രൊഫ മനോജ് കുമാർ ഝാ, ജാവേദ് അലി ഖാൻ, മഹുവ മാജി, പിപി മുഹമ്മദ് ഫൈസൽ, അനീൽ പ്രസാദ് ഹെഗ്‌ഡെ, ഇടി മുഹമ്മദ് ബഷീർ, എൻകെ പ്രേമചന്ദ്രൻ, സുശീൽ ഗുപ്‌ത, അരവിന്ദ് സാവന്ത്, ഡി രവികുമാർ, തിരു തോൽ തിരുമാവളവൻ, ജയന്ത് സിംഗ്, ഫൂലോ ദേവി നേതം എന്നിവരാണ് ഉൾപ്പെടുന്നത്.