ഭോപ്പാൽ: എം.പി.എസ്.സി പരീക്ഷ ചോദ്യ പേപ്പറില്‍ വിവാദമുയര്‍ന്നതിനെ തുടര്‍ന്ന് ചോദ്യപേപ്പര്‍ തയ്യാറാക്കിയ രണ്ട് ഉദ്യോഗസ്ഥരെ കമ്മിഷന്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി. വിവാദ ചോദ്യം തയ്യാറാക്കിയ ഉദ്യോഗസ്ഥനെതിരെയും ചോദ്യങ്ങള്‍ പുന:പരിശോധിച്ച് അന്തിമ തീരുമാനമെടുത്ത മോഡറേറ്റര്‍ക്കെതിരെയുമാണ് നടപടിയെടുത്തത്. 'കശ്‌മീര്‍ പാകിസ്ഥാന് നല്‍കാന്‍ ഇന്ത്യ തീരുമാനിക്കണം' എന്ന വിവാദ ചോദ്യം പരീക്ഷയില്‍ ഉള്‍പ്പെടുത്തിയതിനാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തത്.
ചോദ്യത്തിന് ഉത്തരം നല്‍കുന്നതിന് 'വേണം' 'വേണ്ട' എന്ന ഓപ്‌ഷനുകളാണ് ഉണ്ടായിരുന്നത്. ചോദ്യ പേപ്പറില്‍ വിവാദമുയര്‍ന്നതോടെ ഞായറാഴ്‌ച നടന്ന പരീക്ഷയില്‍ നിന്ന് ചോദ്യം പിന്‍വലിച്ചു. ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ പ്രതിഷേധാര്‍ഹമാണെന്നും പേപ്പര്‍ തയ്യാറാക്കാന്‍ ചുമതലയുള്ള മധ്യപ്രദേശ്, മഹാരാഷ്‌ട്ര എന്നിവിടങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരെ ഡീബാര്‍ ചെയ്‌തെന്നും മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര മാധ്യമങ്ങളോട് പറഞ്ഞു.