ഭോപ്പാല്‍(മധ്യപ്രദേശ്): സിന്ധ്യ രാജ കുടുംബാംഗവും കോണ്‍ഗ്രസ് നേതാവുമായിരുന്ന പരേതനായ മാധവ് റാവു സിന്ധ്യയുടെ ജന്മദിനത്തോടനുബന്ധിച്ച് മധ്യപ്രദേശിലെ ശിവപുരിയിലെ മാധവ് ദേശീയ പാര്‍ക്കില്‍ തുറന്ന് വിടാന്‍ നിശ്ചയിച്ച കടുവകളില്‍ ഒരു പെണ്‍ കടുവയെ കാണാതായി. ബിജെപിയിലേക്ക് ചേക്കേറി കേന്ദ്ര വ്യോമയാന മന്ത്രിയായ ജ്യോതിരാദിത്യ സിന്ധ്യയുടെ പിതാവാണ് മാധവ് റാവു സിന്ധ്യ. മൂന്ന് കടുവകളെ മാധവ് ദേശീയ പാര്‍ക്കില്‍ ഇന്ന് തുറന്ന് വിടാനായിരുന്നു തീരുമാനിച്ചത്.
രണ്ട് പെണ്‍ കടുവകളും ഒരു ആണ്‍ കടുവയേയും തുറന്ന് വിടാനായിരുന്നു നിശ്ചയിച്ചത്. ഇതില്‍ ഒരു പെണ്‍ കടുവയേയാണ് ഇപ്പോള്‍ കാണാതായത്. മാധവ് റാവു സിന്ധ്യയുടെ ജന്മദിനത്തോടനുബന്ധിച്ച് മാധവ് ദേശീയ പാര്‍ക്കില്‍ കടുവകളെ തുറന്ന് വിടുന്ന ചടങ്ങിന് അല്‍പ്പം കല്ല് കടിയായി ഈ സംഭവം. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും ജ്യോതിരാദിത്യ സിന്ധ്യയും ചേര്‍ന്ന് കടുവകളെ തുറന്ന് വിടാനായിരുന്നു തീരുമാനിച്ചിരുന്നത്.
കടുവകള്‍ എവിടെ നിന്ന്? കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ മൗലാന ആസാദ് നാഷണല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്നായിരുന്നു മാധവ് ദേശീയ പാര്‍ക്കില്‍ ഇന്ന് തുറന്ന് വിടാന്‍ നിശ്ചയിച്ച ആണ്‍ കടുവയെ പിടിച്ചത്. സത്‌പുര കടുവ സങ്കേതത്തില്‍ നിന്നുള്ളതായിരുന്നു ഈ കടുവ. പന്ന കടുവ സങ്കേതത്തില്‍ നിന്നും ബാന്ധവ്‌ഗഡ് കടുവ സങ്കേതത്തില്‍ നിന്നുമായിരുന്നു പെണ്‍ കടുവകളെ കൊണ്ടുവരാനായി തീരുമാനിച്ചത്.
എന്നാല്‍ അവസാന നിമിഷം ഈ പദ്ധതി താളം തെറ്റുകയായിരുന്നു. ഒരു പെണ്‍കടുവ രക്ഷപ്പെട്ടത് അധികൃതര്‍ക്ക് നാണക്കേടായി. പന്ന കടുവ സങ്കേതത്തില്‍(Panna Tiger Reserve) നിന്നുള്ള പെണ്‍കടുവയാണ് ഇപ്പോള്‍ കാണാതായിരിക്കുന്നത്. പന്ന കടുവ സങ്കേതത്തിലെ ഉദ്യോഗസ്ഥര്‍ കാണാതായ പെണ്‍ കടുവയെ തെരഞ്ഞ് കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇതുവരെ ഇവരുടെ ശ്രമങ്ങള്‍ വിഫലമാണ്.