ഭോപ്പാൽ:കൊവിഡ് ബാധിതർക്കുള്ള ഓക്സിജൻ, റെംഡെസിവിർ മരുന്ന് എന്നിവ കരിഞ്ചന്തയിൽ വിൽക്കുന്നത് തടയാൻ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കണമെന്ന് പൊലീസിന് നിർദേശം നൽകി മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര. ഡോക്ടർമാർക്ക് സംരക്ഷണം നൽകണമെന്നും സംസ്ഥാനത്താകെയുള്ള ആശുപത്രികളിൽ ഇതുമായി ബന്ധപ്പെട്ട് അനിഷ്ട സംഭവങ്ങൾ ഉണ്ടാകരുതെന്നും ആഭ്യന്തരമന്ത്രി പൊലീസിനോട് നിർദേശിച്ചു. ഡിജിപിയുമായും മറ്റ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായും അവലോകന യോഗം ചേർന്ന ശേഷമാണ് മന്ത്രിയുടെ നിർദേശം.
Also Read:കൊവിഡ് നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവരെ കൊണ്ട് ഏത്തമിടീച്ച് മധ്യപ്രദേശ് പൊലീസ്
റെയിൽ, റോഡ് വഴി ഓക്സിജൻ ടാങ്കറുകൾ സംസ്ഥാനത്തേക്ക് എത്തിക്കുന്നതിനൊപ്പം വ്യോമസേനയുടെ സഹായത്തോടെയും ഓക്സിജൻ കൊണ്ടുവരാനുള്ള മാർഗങ്ങൾ സ്വീകരിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. കൊവിഡ് അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ ഓക്സിജനും റെംഡെസിവിർ ഇഞ്ചക്ഷനും സംസ്ഥാനം വലിയ ക്ഷാമം നേരിടുകയാണ്.
എന്നാൽ, ഓക്സിജനും മറ്റ് അവശ്യ മരുന്നുകളും ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍റെ നേതൃത്വത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ സംസ്ഥാനം കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളുമായി മുന്നോട്ട് പോവുകയാണെന്നും അദ്ദേഹം വിശദീകരിച്ചു. കൂടാതെ, ഹരിദ്വാറിലെ കുംഭമേളയില്‍ പങ്കെടുത്ത് മടങ്ങിയെത്തിയവർ വീടുകളിൽ ക്വാറന്‍റൈനിൽ തുടരാനും നരോത്തം മിശ്ര നിർദേശിച്ചു.