ഉജ്ജെയ്ൻ (മധ്യപ്രദേശ്) :രാമായണത്തിലെ സീതയുടെ കഥയെ വിവാഹമോചിതയായ സ്‌ത്രീയുടേതുമായി താരതമ്യപ്പെടുത്തി മധ്യപ്രദേശിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. മോഹൻ യാദവ്. ബിജെപി മന്ത്രിയുടെ പരാമർശം വിവാദം സൃഷ്‌ടിച്ചിരിക്കുകയുമാണ്. ഞായറാഴ്‌ച രാത്രി ഉജ്ജെയ്‌ന്‍ ജില്ലയിലെ നഗ്‌ദ ഖച്റോഡ് നിയമസഭാമണ്ഡലത്തിലെ 94 കർസേവകരെ അനുമോദിക്കുന്ന ചടങ്ങിലെ പ്രസംഗത്തിനിടെയായിരുന്നു പരാമർശം.
ശ്രീരാമന്‍റെയും പത്നി സീതയുടെയും ഇതിഹാസ കഥയെക്കുറിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 'ഗർഭിണിയായിരുന്നപ്പോൾ സീതാദേവിയോട് രാജ്യം വിട്ടുപോകാൻ ആവശ്യപ്പെട്ടിരുന്നു. വനത്തിൽ വച്ച് സീത ലവൻ, കുശൻ എന്നീ രണ്ട് ആൺകുട്ടികൾക്ക് ജന്മം നൽകി. വിവാഹ മോചിതയായ ഒരു സ്‌ത്രീക്ക് സമാനമായ യാതനകൾ സഹിച്ചിട്ടും അവർ തന്‍റെ മക്കളെ പിതാവിനോടുള്ള ബഹുമാനം പഠിപ്പിച്ചു. ഇത്രയധികം കഷ്‌ടപ്പാടുകൾ നേരിട്ടിട്ടും അവർ ഭർത്താവിന്‍റെ മുന്നിൽ വച്ച് ആത്മഹത്യ ചെയ്‌തു' - മന്ത്രി പറഞ്ഞു. ഇതിലാണ് വിവാദം പുകയുന്നത്. വിവിധ പാര്‍ട്ടികള്‍ ഇദ്ദേഹത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.