ന്യൂഡൽഹി:കേന്ദ്ര സർവകലാശാല പൊതുപ്രവേശന പരീക്ഷയ്‌ക്ക്(common university entrance test- CUET) അപേക്ഷിച്ച വിദ്യാർഥികൾക്ക് പരീക്ഷ കേന്ദ്രങ്ങൾ അനുവദിച്ച ദുരനുഭവം ചൂണ്ടിക്കാട്ടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് കത്തയച്ച് സിപിഎം രാജ്യസഭ എംപി വി ശിവദാസൻ. സർവകലാശാലയുടെ ബിരുദ പ്രവേശന പരീക്ഷയ്‌ക്ക് കണ്ണൂർ തെരഞ്ഞെടുത്തവർക്ക് കാൺപൂർ അനുവദിച്ചതിനെ തുടർന്നാണ് വിഷയത്തിൽ ഇടപെടാൻ ആവശ്യപ്പെട്ട് എംപി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന് കത്തയച്ചത്. കണ്ണൂർ ജില്ലയെ പരീക്ഷ കേന്ദ്രമായി തെരഞ്ഞെടുത്ത വിദ്യാർഥികൾക്ക് അഡ്‌മിറ്റ് കാർഡുകൾ പുറത്തുവന്നപ്പോൾ കാൺപൂരാണ് ലഭിച്ചത്.
കേന്ദ്ര സർവകലാശാല പൊതുപ്രവേശന പരീക്ഷ: കണ്ണൂർ തെരഞ്ഞെടുത്തവർക്ക് കാൺപൂർ; കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് കത്തയച്ച് വി ശിവദാസൻ - സർവകലാശാലയുടെ ബിരുദ പ്രവേശന പരീക്ഷ
കേന്ദ്ര സർവകലാശാലയുടെ ബിരുദ പ്രവേശന പരീക്ഷയ്‌ക്ക് കണ്ണൂർ തെരഞ്ഞെടുത്തവർക്ക് കാൺപൂർ അനുവദിച്ചതിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പരിഗണിക്കണമെന്നും ഉചിതമായ നടപടികൾ കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ട് സിപിഎം രാജ്യസഭ എംപി വി ശിവദാസൻ കത്തയച്ചു.
പരീക്ഷകൾ സെപ്‌റ്റംബർ 1 മുതൽ ആരംഭിക്കാനിരിക്കെ ഈ കുറഞ്ഞ സമയത്തിനുള്ളിൽ വിദ്യാർഥികൾക്ക് കണ്ണൂരിൽ നിന്ന് കാൺപൂരിലേക്ക് യാത്ര ചെയ്‌ത് എത്തുന്നത് അസാധ്യമാണ്. കേന്ദ്ര സർവകലാശാലയിൽ കരിയർ തുടരാനുള്ള ഓരോ വിദ്യാർഥിയുടെയും അടിസ്ഥാന അവകാശം നിഷേധിക്കുന്നതിലേക്ക് നയിക്കുന്ന തരത്തിലുള്ള ഈ സംഭവം ആശങ്കാജനകമാണെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി.
വിഷയം അടിയന്തര പ്രാധാന്യത്തോടെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പരിഗണിക്കണമെന്നും ഉചിതമായ നടപടികൾ കൈക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.