ഭോപ്പാൽ :കാളകളുടെ വന്ധ്യംകരണം സംബന്ധിച്ച പ്രചാരണപരിപാടി റദ്ദാക്കി മധ്യപ്രദേശിലെ ബിജെപി സര്‍ക്കാര്‍. പാര്‍ട്ടി എംപി പ്രഗ്യ സിങ് താക്കുറിന്‍റെ രൂക്ഷവിമര്‍ശനത്തിന് പിന്നാലെയാണ് സര്‍ക്കാര്‍ ക്യാംപയിന്‍ പിന്‍വലിച്ചത്.
കാളകളുടെ വന്ധ്യംകരണം നാടൻ പശുക്കളുടെ ഉന്‍മൂലനത്തിനാണ് വഴിവയ്ക്കുകയെന്ന് പ്രഗ്യ വിമര്‍ശിച്ചിരുന്നു. താൻ വിഷയം മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍റെയും മൃഗസംരക്ഷണ വകുപ്പിന്‍റെയും ശ്രദ്ധയിൽപ്പെടുത്തിയെന്നും തുടർന്ന് സര്‍ക്കാര്‍ ക്യാംപയിന്‍ റദ്ദാക്കുകയായിരുന്നുവെന്നും താക്കുർ മാധ്യമങ്ങളോട് പറഞ്ഞു.
READ MORE:വന്ധ്യംകരണവുമായി ബന്ധപ്പെട്ട വിവാദ സർക്കുലർ പിൻവലിച്ച് മധ്യപ്രദേശ് സർക്കാർ
ഉത്തരവിന് പിന്നിൽ ഗൂഢാലോചനയുണ്ട്. വിഷയത്തിൽ ജാഗ്രത പാലിക്കേണ്ടിയിരുന്നു. നാടൻ പശുക്കളെ നാശത്തിന് വിട്ടുകൊടുക്കാൻ കഴിയില്ലെന്നും താക്കുർ പറഞ്ഞു. വിഷയത്തിൽ അന്വേഷണം നടത്തണമെന്നും ഇത്തരത്തിലൊരു ഉത്തരവ് എങ്ങനെ പുറത്തിറങ്ങിയെന്ന് കണ്ടെത്തണമെന്നും പ്രഗ്യ ആവശ്യപ്പെട്ടു.
വന്ധ്യംകരണ പ്രചാരണം നിര്‍ത്തിവച്ചതായി മൃഗ സംരക്ഷണ വകുപ്പ് ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ അറിയിച്ചിട്ടുണ്ട്. ഒക്ടോബര്‍ 4 ന് ആരംഭിച്ച ക്യാംപയിന്‍ നിര്‍ത്തിവയ്ക്കുന്നതായി വകുപ്പ് ഡയറക്‌ടർ ആർ.കെ മേഹ്യയാണ് വ്യക്തമാക്കിയത്.
ഡെപ്യൂട്ടി ഡയറക്‌ടർമാർക്ക് ഇതുസംബന്ധിച്ച് നിർദേശം നൽകിയതായും അദ്ദേഹം വ്യക്തമാക്കി. ഒക്‌ടോബർ 23 വരെ ക്യാംപയിന്‍ നടത്താനാണ് തീരുമാനിച്ചിരുന്നത്.