ഭോപ്പാൽ:കടുത്ത എതിർപ്പിനെത്തുടർന്ന് ലൈംഗിക തൊഴിലാളികളെ വാക്സിനേഷനുള്ള മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തിയ ഉത്തരവ് മധ്യപ്രദേശ് സർക്കാർ പിൻവലിച്ചു. മുൻ ഉത്തരവിൽ അച്ചടി പിശക് എന്ന് പറഞ്ഞ് പുതുക്കിയ ഉത്തരവിൽ 'ലൈംഗിക തൊഴിലാളികൾക്ക്' പകരം 'സലൂൺ തൊഴിലാളികൾ' എന്ന് തിരുത്തുകയും ചെയ്തു.
ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പുറത്തു വിട്ട വാക്സിനേഷനിൽ മുൻഗണനയുള്ളവരുടെ പട്ടികയിൽ പെട്രോൾ പമ്പ് തൊഴിലാളികൾ, പലചരക്ക് കടകൾ നടത്തുന്നവർ, വീട്ടുജോലിക്കാർ, ലൈംഗികത്തൊഴിലാളികൾ എന്നിവരെ ഉൾപ്പെടുത്തുകയും ഉത്തരവ് ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ രാജ്യത്ത് വാക്സിൻ ക്ഷാമം രൂക്ഷമായ സമയത്ത് ലൈംഗിക തൊഴിലാളികൾക്ക് വാക്സിനേഷൻ നൽകാനുള്ള തീരുമാനത്തിനെതിരെ വൻ പ്രതിഷേധമാണ് ജനങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടായത്.