ഉജ്ജെൻ(മധ്യപ്രദേശ്):ഇൻസ്‌റ്റ റീലുകൾ എടുക്കുന്നത് യുവാക്കൾക്കിടയിൽ തരംഗമാണ്. ഒരു റീലുപോലും എടുക്കാത്ത ദിവസവും ഉണ്ടാകില്ല. പരിസരം മറന്ന് റീലുകൾ എടുത്തുകൂട്ടുന്നവരും കുറവല്ല. എന്നാൽ ക്ഷേത്രത്തിനുള്ളിൽവച്ച് സിനിമ ഗാനങ്ങൾക്ക് റീൽ ചെയ്‌ത യുവതികൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് പൂജാരി.
ക്ഷേത്രത്തിനുള്ളിലും ഇൻസ്‌റ്റ റീൽ; പെൺകുട്ടികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് പൂജാരി മധ്യപ്രദേശിലെ ഉജ്ജെനിയിലാണ് സംഭവം. ഉജ്ജെനിയിലെ മഹാകൽ ക്ഷേത്ര ദർശനത്തിനായി എത്തിയപ്പോഴാണ് രണ്ട് റീലെടുത്തേക്കാം എന്ന് യുവതികൾ കരുതിയത്. പിന്നെ ഒന്നും നോക്കിയില്ല മനോഹരമായ ക്ഷേത്ര പരിസരത്തുവച്ച് റീൽ എടുത്തു.
ഏതായാലും സംഭവം സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഇതോടെയാണ് പെൺകുട്ടികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് ക്ഷേത്രത്തിലെ പൂജാരി എത്തിയത്. ക്ഷേത്രത്തിനുള്ളിൽവച്ച് ഇത്തരം വീഡിയോകൾ ചെയ്യുന്നത് അപമാനകരവും സനാതന പാരമ്പര്യത്തിന് ചേർന്നതുമല്ലെന്ന് മഹാകാൽ ക്ഷേത്രത്തിലെ പൂജാരി മഹേഷ് പറഞ്ഞു.
ഇതുപോലുള്ള സംഭവങ്ങൾ ആവർത്തിക്കുന്നത് ക്ഷേത്രത്തിന്‍റെ പ്രതിച്ഛായയ്ക്ക് കളങ്കമുണ്ടാക്കും. പെൺകുട്ടികൾക്കെതിരെ ക്ഷേത്രഭരണ സമിതി കർശന നടപടി സ്വീകരിക്കണമെന്നും പൂജാരി ആവശ്യപ്പെട്ടു. രണ്ട് വ്യത്യസ്‌ത അക്കൗണ്ടുകളിൽ നിന്നാണ് വീഡിയോ പോസ്‌റ്റ് ചെയ്‌തിരിക്കുന്നത്.
ഒരു യുവതി ബോളിവുഡ് ഗാനങ്ങൾക്ക് നൃത്തം ചെയ്യുന്നതും, മറ്റൊരു പെൺകുട്ടി ക്ഷേത്രത്തിന്‍റെ ശ്രീകോവിലിനുള്ളിൽവച്ച് സിനിമ ഡയലോഗുകൾക്ക് ചെയ്‌ത റീലുമാണ് അപ്‌ലോഡ് ചെയ്‌തിരിക്കുന്നത്. വൈറലായ വീഡിയോ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും വീഡിയോയുടെ ആധികാരികത പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്നും ഉജ്ജെൻ കലക്‌ടർ ആശിഷ് സിങ് പറഞ്ഞു.