ഭോപ്പാൽ:ഇന്ത്യ കൊവിഡ് എന്ന മഹാമാരിയിലൂടെ കടന്നുപോകുമ്പോൾ ആരോഗ്യ മേഖലക്ക് രോഗവ്യാപനം വരുത്തിവച്ച നഷ്‌ടം ചെറുതല്ല. എന്നാൽ ഈ സമയത്തും പ്രതീക്ഷയുടെ കിരണമാവുകയാണ് രാജ്യത്തെ ആരോഗ്യപ്രവർത്തകർ.
ഓക്സിജൻ, മരുന്നുകൾ, ആശുപത്രി കിടക്കകൾ എന്നിവ ആവശ്യമുള്ള ആളുകളിൽ എത്തിച്ചുകൊടുത്ത് ഇവർ മാതൃകയാവുന്നു. അത്തരമൊരു ഉദാഹരണമാണ് മധ്യപ്രദേശിൽ നിന്നുള്ള റസിഡന്‍റ് മെഡിക്കൽ ഓഫീസർ. ഇരുചക്രവാഹനത്തിൽ 180 കിലോമീറ്റർ വരെ സഞ്ചരിച്ചാണ് ഇവർ കൊവിഡ് രോഗികൾക്ക് സഹായമാകുന്നത്.
പ്രതീക്ഷയുടെ പൊന്‍കിരണമായി ഡോ. പ്രഗ്യ ഗഡെ നാഗ്പൂരിലെ ഒരു കൊവിഡ് സെന്‍ററിൽ മെഡിക്കൽ സ്റ്റാഫായി ജോലി ചെയ്യുന്ന ഡോ. പ്രഗ്യ ഗഡെ ലോക്ക്ഡൗൺ സമയത്താണ് മധ്യപ്രദേശിലെ ബാലഘട്ടിലുള്ള തന്‍റെ വീട്ടിലെത്തുന്നത്. എന്നാൽ അവർക്ക് ഡ്യൂട്ടിയിൽ പ്രവേശിക്കണമെന്ന വിവരം ലഭിച്ചയുടനെ ഒരു നിമിഷം പോലും ചിന്തിക്കാതെ തന്‍റെ ഇരുചക്രവാഹനത്തിൽ ബലഘട്ടിൽ നിന്ന് നാസിക്കിലേക്ക് യാത്ര ചെയ്തു.
ലോക്ക്ഡൗൺ സമയത്തുള്ള നിയന്ത്രണങ്ങൾ കാരണം പ്രഗ്യ സ്വന്തം വാഹനത്തിലാണ് കൊവിഡ് രൂക്ഷമായ സംസ്ഥാനമായ മഹാരാഷ്ട്രയിലേക്ക് യാത്ര ചെയ്തത്. "ലോക്ക്ഡൗൺ സമയത്ത് ഞാൻ ബാലഘട്ടിലെത്തിയെങ്കിലും കേസുകളിൽ വൻ വർധനവുണ്ടായതായി വിവരം ലഭിച്ചു. നാസിക്കിലേക്ക് മടങ്ങാൻ ഗതാഗത മാർഗ്ഗമില്ലായിരുന്നു അതിനാൽ എന്റെ വാഹനത്തിൽ ആശുപത്രിയിലേക്ക് തിരികെ പോകാൻ തീരുമാനിച്ചു. ആദ്യം മാതാപിതാക്കൾ അൽപം വിമുഖത കാണിച്ചെങ്കിലും പിന്നീട് സമ്മതിക്കുകയായിരുന്നു", എന്ന് പ്രഗ്യ ഇടിവി ഭാരതിനോട് പറഞ്ഞു.
നാഗ്പൂരിലെ ഒരു കോവിഡ് നിയുക്ത ആശുപത്രിയിൽ ആറ് മണിക്കൂറാണ് കൊവിഡ് രോഗികൾക്കായി പ്രഗ്യ മാറ്റിവെക്കുന്നത്. തന്‍റെ ഡ്യൂട്ടിക്ക് ശേഷം മറ്റ് കൊവിഡ് രോഗികളെ സഹായിക്കാൻ മറ്റ് ആശുപത്രികളിൽ പോകുന്നുണ്ടെന്നും അവർ പറഞ്ഞു. ഒരു ദിവസം 12 മണിക്കൂർ പിപിഇ കിറ്റ് ധരിച്ച് പ്രഗ്യ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഈ ദുരിത സമയത്ത് രോഗികളെ സഹായിക്കുന്നത് തനിക്ക് സമാധാനവും സംതൃപ്തിയും നൽകുന്നുവെന്ന് അവർ പറയുന്നു.