ഭോപ്പാല്‍ :മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലില്‍ മലയാളി വൈദികരുടെ സിഎംഐ സഭയ്‌ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഷെല്‍ട്ടര്‍ ഹോമില്‍ നിന്ന് കാണാതായ 26 പെണ്‍കുട്ടികളും സുരക്ഷിതരെന്ന് മുഖ്യമന്ത്രി മോഹന്‍ യാദവ് (MP CM on Girls missing from children s home). സംഭവത്തില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ നടപിട എടുക്കണമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ് ഉത്തരവിട്ടു. ഭോപ്പാല്‍ പര്‍വാലിയ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഏഞ്ചല്‍ ബാലഗൃഹ ഷെല്‍ട്ടര്‍ ഹോമില്‍ നിന്നാണ് പെണ്‍കുട്ടികളെ കാണാതായത്.
പെണ്‍കുട്ടികളുടെ തിരോധാനവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം പൊലീസ് വ്യക്തമാക്കിയിരുന്നു. വീട്ടിലേക്ക് മടങ്ങാനുള്ള ആഗ്രഹം കൊണ്ടാണ് പെണ്‍കുട്ടികള്‍ ഷെല്‍ട്ടര്‍ ഹോം വിട്ടിറങ്ങിയതെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. ഷെല്‍ട്ടര്‍ ഹോമില്‍ നിന്ന് പെണ്‍കുട്ടികളെ കാണാതായത് വലിയ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയിരുന്നു.
സംഭവത്തിന് പിന്നാലെ നിര്‍ബന്ധിത മതപരിവര്‍ത്തനം അടക്കമുള്ള ആരോപണങ്ങളാണ് ഉയര്‍ന്നത്. അതേസമയം, ഷെല്‍ട്ടര്‍ ഹോമില്‍ നിന്ന് കുട്ടികളെ കാണാതായെന്ന വാദം ഭോപ്പാല്‍ ജില്ല കലക്‌ടറും പൊലീസും തുടക്കത്തില്‍ നിഷേധിച്ചതായും റിപ്പോര്‍ട്ട് വന്നിരുന്നു.
ദേശീയ ബാലാവകാശ സംരക്ഷണ കമ്മിഷൻ (എൻസിപിസിആർ) ചെയർമാൻ പ്രിയങ്ക് കനുങ്കോ ഷെൽട്ടർ ഹോമിൽ നടത്തിയ സന്ദർശനത്തിന് പിന്നാലെയാണ് ആരോപണം ഉയര്‍ന്നത്. രേഖകള്‍ പരിശോധിച്ചപ്പോള്‍ 68 പെൺകുട്ടികളുടെ എൻട്രികൾ കണ്ടെത്തിയിരുന്നു. എന്നാൽ അവരിൽ 26 പേർ അവിടെയുണ്ടായിരുന്നില്ല.