ഗോണ്ട : ഡൽഹിയിലെ ജന്തർ മന്ദറിൽ ഗുസ്‌തി താരങ്ങളുടെ പ്രതിഷേധം ശക്തമാകുന്നതിനിടയിലും പൊതുപരിപാടികളിൽ പങ്കെടുത്ത് ബ്രിജ് ഭൂഷൺ. ഉത്തർ പ്രദേശിലെ ഗോണ്ടയിലെ വിവിധ പരിപാടികളിലാണ് ബ്രിജ് ഭൂഷൺ പങ്കെടുത്തത്. പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ ലൈംഗികാതിക്രമ ആരോപണം ഉന്നയിക്കുന്ന ഗുസ്‌തി താരങ്ങളുടെ സമരത്തെ കുറിച്ചും ബ്രിജ് ഭൂഷൺ പരോക്ഷമായി പറഞ്ഞു. 'ഒരാൾ കള്ളം പറയുകയാണെങ്കിൽ, അത് മറ്റൊരാളുടെ ജീവിതത്തെ നശിപ്പിക്കും, ഞാൻ പറയുന്നതിന്‍റെ സൂചന എന്തെന്ന് മനസിലാക്കൂ', എന്നായിരുന്നു ബ്രിജ് ഭൂഷൺ പറഞ്ഞത്.
ലൈംഗികാതിക്രമ ആരോപണങ്ങളെത്തുടർന്ന് ഓരോ മണിക്കൂറിലും 200-ലധികം യുവാക്കൾ ആത്മഹത്യ ചെയ്യുന്നതായുള്ള ഭയപ്പെടുത്തുന്ന റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട് നിലവിലുള്ള നിയമങ്ങളിൽ മാറ്റം വരുത്തേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ചും ബ്രിജ് ഭൂഷൺ പറഞ്ഞു. ഇതിനിടയിൽ ജൂൺ അഞ്ചിന് അയോധ്യയിലേക്ക് മാർച്ച് നടത്തണമെന്നും ബ്രിജ് ഭൂഷൺ എംപി ആഹ്വാനം ചെയ്‌തു.
അയോധ്യയിൽ നടക്കുന്ന പൊതുബോധവത്‌കരണ റാലി സംബന്ധിച്ച് അദ്ദേഹം ജനങ്ങളിൽ നിന്ന് ജനകീയ പിന്തുണ തേടി. ജൂൺ അഞ്ചിന് അയോധ്യയിലെ രാംകഥ പാർക്കിൽ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സന്യാസിമാർ ഉണ്ടാകും. വിശുദ്ധരുടെ ആഹ്വാനപ്രകാരം 11 ലക്ഷം പേരെങ്കിലും അവിടെ ഒത്തുചേരും. സന്ന്യാസിമാർ അന്ന് സംസാരിക്കും. രാജ്യം മുഴുവൻ അത് കേൾക്കും.
വിശുദ്ധന്മാർ എന്ത് സംസാരിച്ചാലും അത് നമ്മൾക്ക് വേണ്ടിയും നമ്മളുടെ ക്ഷേമത്തിനും ഭാവിക്കും വേണ്ടി മാത്രമേ സംസാരിക്കൂ എന്നും ബ്രിജ് ഭൂഷൺ കൂട്ടിച്ചേർത്തു. തങ്ങളുടെ ശബ്‌ദം ആർക്കും നിഷേധിക്കാം, പക്ഷേ രാജ്യത്തെ വിശുദ്ധന്മാരുടെ ശബ്‌ദം അടിച്ചമർത്താൻ ആർക്കും കഴിയില്ലെന്നും ബ്രിജ് ഭൂഷൺ കൂട്ടിച്ചേർത്തു.