സഹാറൻപൂർ : ഉത്തർപ്രദേശിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. സഹാറൻപൂരിലെ റാംപൂർ മണിഹരൻ ഏരിയയിൽ അംബാല-ഡെറാഡൂൺ ഹൈവേയിലായിരുന്നു അപകടം. ഉത്തരാഖണ്ഡിലെ ഹരിദ്വാർ ജില്ലയിൽ നിന്നുള്ള കുടുംബമാണ് ചൊവ്വാഴ്‌ച അപകടത്തിൽപ്പെട്ടത്.
ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഡ്രൈവർ കാർ നിർത്താൻ ശ്രമിച്ചെങ്കിലും വയറിങ് കത്തിയതിനാൽ ബ്രേക്ക് പ്രവർത്തിച്ചില്ല. പിന്നീട് കാർ ഒരു വിധത്തിൽ നിർത്താനായെങ്കിലും വാതിൽ തുറക്കാനാകാതിരുന്നതാണ് കുടുംബത്തിന്‍റെ മരണത്തിന് കാരണമായത്.
കാര്‍ കത്തിമയരുന്നത് കണ്ട് നാട്ടുകാർ ഓടിയെത്തിയെങ്കിലും തീ ആളിപ്പടരുകയായിരുന്നു. നാട്ടുകാർ ഫയർഫോഴ്‌സിൽ വിവരമറിയിച്ചതിനെ തുടർന്ന് സംഘം സ്ഥലത്തെത്തിയപ്പോഴേക്കും കാർ പൂർണമായും കത്തിനശിച്ചു. പിന്നീട് ഫയർഫോഴ്‌സും പൊലീസും ചേർന്ന് തീ അണച്ച് മൃതദേഹങ്ങൾ പുറത്തെടുക്കുകയായിരുന്നു.
ട്രക്കിൽ തീപിടിച്ച് അപകടം : കഴിഞ്ഞ മാസം ഉത്തരാഖണ്ഡിൽ എൽപിജി സിലിണ്ടറുമായി പോയ ട്രക്കിന് തീപിടിച്ചിരുന്നു. 40 സിലിണ്ടറുകളാണ് അപകടത്തിൽ പൊട്ടിത്തെറിച്ചത്. ട്രക്കിലുണ്ടായിരുന്ന ഡ്രൈവറും ഓപ്പറേറ്ററും അത്ഭുതകരമായി രക്ഷപ്പെട്ടു. തെഹ്‌രി ജില്ലയിലായിരുന്നു അപകടം.
സ്ഫോടനത്തിന്‍റെ ആഘാതത്തിൽ സിലിണ്ടറുകൾ വളരെ ദൂരത്തേയ്‌ക്ക് തെറിച്ചുപോയിരുന്നു. വലിയ ശബ്‌ദം കേട്ട് പ്രദേശത്ത് ഓടിക്കൂടിയ ആളുകൾ തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും ആളിപ്പടർന്നതോടെ ശ്രമം വിഫലമായി. അപകടത്തിൽ ട്രക്ക് പൂർണമായും കത്തിനശിച്ചു.
also read :Fire Accident | എൽപിജിയുമായി പോയ ട്രക്കിന് തീപിടിച്ചു ; 40 സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു