ഹൈദരാബാദ് :ക്ഷണിക്കപ്പെടാത്ത അതിഥികൾ ചടങ്ങിൽ പങ്കെടുക്കുന്നത് പുതിയ കാര്യമൊന്നുമല്ല. എന്നാൽ പങ്കെടുത്ത ചടങ്ങിന്‍റെ മുഖ്യ ആകർഷണമായി ഇവൻ മാറിയിട്ടുണ്ടെങ്കിൽ ആള് ചില്ലറക്കാരനല്ലെന്ന് സാരം.
തിങ്കളാഴ്‌ചയാണ്, കശ്‌മീർ താഴ്‌വരയിലെ ഒരു സർവകലാശാലയിൽ നടന്ന ഔദ്യോഗിക പ്രവേശന പരിപാടിക്കിടെ കോട്ടും സൂട്ടും ധരിച്ചിരിക്കുന്ന ഫാക്കൽറ്റികളുടെയും വിദ്യാർഥികളുടെയും മുന്നിലേക്ക് നെഞ്ചുംവിരിച്ച് ഇവൻ കയറിച്ചെന്നത്. വിളിക്കാതെ ചെന്നതോ പോട്ടെ. കയറിച്ചെന്നപാടെ മുഖ്യപ്രഭാഷകന് മുന്നിൽ വച്ചിരുന്ന കേക്ക് എടുത്ത് കഴിക്കുകയും ചെയ്തു.
എലി കേക്ക് കഴിക്കുന്ന ദൃശ്യങ്ങൾ 'വിശന്നാൽ നീ നീയല്ലാതെയാകും' എന്ന വാചകം അന്വർഥമാക്കിയിരിക്കുകയാണ് ഒരു കുഞ്ഞൻ എലി. കശ്‌മീരിലെ താഴ്‌വരയിൽ നടന്ന യൂണിവേഴ്‌സിറ്റി ഇൻഡക്‌ഷൻ പ്രോഗ്രാമിലാണ് സംഭവം. ചടങ്ങിൽ സന്നിഹിതരായവർ മുഖ്യപ്രഭാഷകൻ പറയുന്നത് ശ്രദ്ധയോടെ കേട്ടിരിക്കുന്നു. എലിയും ശ്രദ്ധയോടെ ഇരുന്നു. പക്ഷേ ഉന്നം കേക്ക് തീര്‍ക്കുക എന്നതായിരുന്നുവെന്ന് മാത്രം. മുന്നിലെ പൂക്കൂടയ്ക്കുള്ളിൽ നിന്ന് തല വെളിയിലേക്ക് ഇട്ട് കേക്ക് പിച്ചിത്തിന്നുകയായിരുന്നു കക്ഷി.
സംഭവത്തിന്‍റെ ദൃശ്യങ്ങൾ വിദ്യാർഥികൾ ഫേസ്ബുക്കിൽ പങ്കിട്ടു. വീഡിയോയ്‌ക്ക് രസകരമായ ധാരാളം കമന്‍റുകൾ ലഭിച്ചു. സ്‌പെഷ്യൽ ഗസ്റ്റ് എന്നാണ് പലരും എലിയെ വിശേഷിപ്പിച്ചത്. 'ഗൗരവമേറിയ ഒരു മീറ്റിംഗിനെ എലി മുതലെടുക്കുന്നു' എന്ന് പറഞ്ഞവരുമുണ്ട്. പിന്നെ വിശപ്പ് എല്ലാവർക്കും ഒരുപോലെയാണല്ലോ.അതിപ്പോ എലിയായാലും പുലിയായാലും നരനായാലും.