ന്യൂഡല്‍ഹി: സമയം എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്ന് പഠിക്കാനുള്ള ഏറ്റവും നല്ല വഴി നമ്മുടെ അമ്മമാരെ നിരീക്ഷിക്കലാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 'പരീക്ഷ പേ ചര്‍ച്ചയില്‍' ടൈം മാനേജ്‌മെന്‍റിനെ കുറിച്ചുള്ള ഒരു വിദ്യാര്‍ഥിയുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഒരമ്മയ്‌ക്ക് അവര്‍ ചെയ്യുന്ന ജോലി ഒരു ഭാരമായി ഒരിക്കലും തോന്നില്ല.
അമ്മമാര്‍ എല്ലാ കാര്യങ്ങളും ചെയ്യുന്നത് വളരെ ശ്രദ്ധയോടെയായിരിക്കും. അവര്‍ എല്ലാ കാര്യങ്ങളും മുന്‍കൂട്ടി കാണുകയും അതിന് ആവശ്യമായ തയാറെടുപ്പുകള്‍ നടത്തുകയും ചെയ്യുന്നു. വിദ്യാര്‍ഥികള്‍ എല്ലായ്‌പ്പോഴും ഒരു ഡയറി കരുതണം. ചെയ്‌ത കാര്യവും ചെയ്യാന്‍ ബാക്കിയുള്ള കാര്യവും അതില്‍ കുറിച്ച് വയ്‌ക്കണം.
ആദ്യത്തെ 30 മിനിട്ട് ഏറ്റവും പ്രയാസമുള്ള വിഷയം പഠിക്കാനായി മാറ്റിവയ്‌ക്കണം. അങ്ങനെ ചെയ്യുമ്പോള്‍ ആ വിഷയത്തോട് ക്രമേണ നിങ്ങള്‍ക്ക് താത്‌പര്യം ഉണ്ടാകും. ഏറ്റവും എളുപ്പമുള്ള വിഷയങ്ങള്‍ ടൈംടേബിളില്‍ അവസാനമായി ഉള്‍പ്പെടുത്തുന്നതാണ് നല്ലത്.