ക്യാന്‍സര്‍ ബാധിച്ച് മരിച്ച മകളുടെ ഓർമയ്ക്കായി പ്രതിമ ഒരുക്കി അമ്മ ദാവൻഗെരെ (കർണാടക): മുപ്പതാം വയസിൽ ക്യാൻസർ ബാധിച്ച് മരണത്തിന് കീഴടങ്ങേണ്ടി വന്ന മകളുടെ ആഗ്രഹങ്ങൾ പൂർത്തീകരിക്കാനായതിന്‍റെ സംതൃപ്‌തിയിലാണ് കമലമ്മ. മകളുടെ ഓർമയ്‌ക്കായി ഒരു സിലിക്കൺ പ്രതിമ തന്നെ വീട്ടില്‍ ഒരുക്കിയിരിക്കുകയാണ്ദാവൻഗെരെ സരസ്വതി ബാരങ്കെ സ്വദേശിനി.
2019-ലാണ് കാവ്യയില്‍ ക്യാൻസർ രോഗം നിർണയിക്കുന്നത്. മതിയായ ചികിത്സ നൽകിയെങ്കിലും കാവ്യ നാല് വർഷത്തോളം പൊരുതിയ ശേഷം മരണത്തിന് കീഴടങ്ങുകയായിരുന്നു. കമലമ്മയുടെ സ്വപ്‌നങ്ങൾ തകർത്ത് മകൾ 2022 ഡിസംബറില്‍ യാത്രയായി.
മകളുടെ ഭാവി സ്വപ്‌നം കണ്ടിരുന്ന ഈ അമ്മ ഒരു അധ്യാപിക കൂടിയായിരുന്നു. കാവ്യയ്‌ക്ക് ജനിക്കും മുന്നേതന്നെ അച്ഛനെ നഷ്‌ടമായതാണ്. മകളുടെ ആഗ്രഹം നിറവേറ്റിയ കമലമ്മ, പ്രതിമയിലൂടെ തന്‍റെ മകൾ അരികത്തുണ്ടെന്ന വിശ്വാസത്തിൽ കഴിയുകയാണ്.
റാനെബെന്നൂർ എഞ്ചിനീയറിംഗ് കോളജിൽ നിന്നാണ് കാവ്യ ബിരുദം പൂർത്തിയാക്കിയത്. 2019 ഏപ്രിലില്‍ കാവ്യയുടെ വിവാഹം നിശ്ചയിച്ചിരുന്നു. എന്നാൽ അതിനുമുമ്പുതന്നെ കാവ്യ ക്യാന്‍സര്‍ ബാധിച്ച് മരിച്ചു. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സിച്ചിരുന്നത്. മരണത്തിന് മുന്‍പ് കാവ്യ അമ്മയോട് തന്‍റെ ആഗ്രഹങ്ങൾ പറയുകയായിരുന്നു.
കുഴിമാടത്തിൽ പൂന്തോട്ടം പണിയുക, മൃതദേഹം ദാനം ചെയ്യുക, പ്രതിമ നിർമ്മിക്കുക എന്നിവയായിരുന്നു കാവ്യയുടെ ആഗ്രഹങ്ങൾ. എന്നാൽ അസുഖ ബാധ കാരണം ശരീരം ദാനം ചെയ്യാനാകില്ലെന്ന് ഡോക്‌ടർമാർ അറിയിച്ചു. ദാവൻഗെരെയിൽ നാല് ഏക്കർ ഭൂമി വാങ്ങി മകളെ സംസ്‌കരിച്ച് അവിടെ പൂന്തോട്ടം നിർമിച്ച് മകളുടെ ആദ്യത്തെ ആഗ്രഹം പൂർത്തീകരിക്കുകയാണ് കമലമ്മ ചെയ്‌തത്.
കാവ്യയെ ക്യാന്‍സര്‍ മോചിതയാക്കാനായി 4 വർഷത്തോളം ഏകദേശം 40 ലക്ഷത്തോളം രൂപ മുടക്കിയാണ് ചികിത്സ നടത്തിയത്. അച്ഛനില്ലെന്ന ചിന്ത അലട്ടാതെയാണ് അമ്മ മകളെ വളർത്തിയെടുത്തത്. ചികിത്സയിൽ തുടരുന്നതിനിടെ കാവ്യ ഒരു വിദേശ വനിതയുടെ പ്രതിമയുടെ വീഡിയോ കാണാനിടയായി. തന്‍റെ ജീവൻ അധികനാൾ ഉണ്ടാവില്ലെന്നും താൻ മരിച്ചാൽ അമ്മ ഒറ്റയ്‌ക്കാവും എന്നും മനസിലാക്കിയ കാവ്യ പ്രതിമ നിർമ്മിക്കാൻ അമ്മയോട് ആവശ്യപ്പെടുകയായിരുന്നു.
ബെംഗളൂരുവിലെ കലാകാരനായ വിശ്വനാഥാണ് കമലമ്മയ്‌ക്കായി കാവ്യയുടെ മനോഹരമായ സിലിക്കൺ പ്രതിമ നിർമ്മിച്ച് നൽകിയത്. 3.30 ലക്ഷം രൂപയാണ് ഇതിനായി ചെലവായത്. മകൾ മരിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ അമ്മ പ്രതിമ നിർമ്മാതാവിനായി തിരച്ചിൽ തുടങ്ങിയിരുന്നു. സിലിക്കണിലുള്ള ഈ പ്രതിമ കാവ്യയുടെ തൊലിയോട് സാമ്യമുള്ളതാണ്. തുടര്‍ന്ന് മകളുടെ പേരിൽ ഒരു പുസ്‌തകവും പ്രകാശനം ചെയ്‌തു.
Also read: 30 വർഷങ്ങൾക്ക് ശേഷം ഭാര്യയുടെ ആഗ്രഹം നിറവേറ്റി; ഷിർദി ക്ഷേത്രത്തിൽ സമർപ്പിച്ചത് 40 ലക്ഷത്തിന്‍റെ സ്വർണക്കിരീടം
ഈ പ്രതിമ വീട്ടിൽ സ്ഥാപിച്ചിരിക്കുകയാണ് കമലമ്മ. പ്രതിമ വീട്ടിലുള്ളപ്പോൾ തന്‍റെ മകൾ അടുത്തുള്ളതായി തോന്നുമെന്നാണ് കമലമ്മ പറയുന്നത്. 27 വർഷത്തോളം സർക്കാർ അധ്യാപികയായി സേവനമനുഷ്‌ഠിച്ച കമലമ്മ തന്‍റെ പെൻഷൻ തുകയും വസ്‌തു വിറ്റ തുകയും ചെലവഴിച്ചാണ് മകളുടെ ആഗ്രഹങ്ങൾ പൂർത്തീകരിച്ചത്.