നിസാമാബാദ് (തെലങ്കാന):ആറ് വയസുകാരിയെ കൊലപ്പെടുത്തി അമ്മയും ആൺസുഹൃത്തും. നിസാമാബാദ് റെയിൽവേ സ്റ്റേഷനിൽ വച്ചാണ് സംഭവം. കുട്ടിയുടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും, മൃതദേഹം വനമേഖലയിൽ ഉപേക്ഷിക്കുകയുമായിരുന്നു.
വിജയവാഡ സ്വദേശികളായ ഗുരുനാഥം-ദുർഗാഭവാനി ദമ്പതികളുടെ മകളായ നാഗലക്ഷ്‌മിയാണ്(6) മരിച്ചത്. ദമ്പതികൾക്ക് നാഗലക്ഷ്‌മി (6), ഗീതാമാധവി (14 മാസം) എന്നീ രണ്ട് പെൺമക്കളാണുള്ളത്. ഗുരുനാഥവും ദുർഗാഭവാനിയും തമ്മിൽ ജോലിയെ ചൊല്ലി തർക്കം ഉണ്ടാകാറുണ്ടായിരുന്നു. കൽപ്പണിക്കാരനായിരുന്ന ഗുരുനാഥത്തിനോട് ജോലി ഉപേക്ഷിക്കണമെന്ന് യുവതി നിരന്തരം ആവശ്യപ്പെടാറുണ്ടായിരുന്നു. തുടർന്ന് ആറ് മാസമായി ഗുരുനാഥം ഓട്ടോ ഓടിച്ചാണ് ജീവിച്ചിരുന്നത്.
ജൂലൈ 14ന് ഭർത്താവ് ജോലിക്ക് പോയ സമയം യുവതി രണ്ട് മക്കളെയും കൊണ്ട് വീട് വിട്ട് ഇറങ്ങി. തുടർന്ന്, ഗുരുനാഥം ഭാര്യയെയും മക്കളെയും കാണാനില്ലെന്ന വിവരം പൊലീസിൽ അറിയിച്ചു. രണ്ട് കുട്ടികളുമായി നിസാമാബാദ് നഗരത്തിൽ എത്തിയ യുവതി സർക്കാർ ആശുപത്രി, ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ എന്നിവടങ്ങളിൽ താമസിച്ചു.
അവിടെ വച്ചാണ് യുവതി ബൻസുവാഡ മണ്ഡലിലെ കൊല്ലൂർ സ്വദേശിയായ ധ്യാരംഗുല ശ്രീനുവുമായി സൗഹൃദം സ്ഥാപിക്കുന്നത്. തുടർന്ന് ആഗസ്റ്റ് 22 ന് തങ്ങളുടെ ബന്ധത്തിന് തടസമാകുമെന്ന് ആരോപിച്ച് ഇരുവരും ചേർന്ന് റെയിൽവേ സ്റ്റേഷനിൽ വച്ച് ആറുവയസുകാരിയെ കൊലപ്പെടുത്തുകയായിരുന്നു. പിന്നീട്, മക്ലൂർ മണ്ഡലത്തിലെ ചിന്നപൂർ വനമേഖലയിലെ തോട്ടിൽ മൃതദേഹം തള്ളി.