ലക്‌നൗ : ഉത്തർ പ്രദേശിൽ പെൺകുട്ടിയെ തീകൊളുത്തി കൊല്ലാൻ ശ്രമിച്ച കേസിൽ അമ്മയും സഹോദരനും അറസ്‌റ്റിൽ (Mother And Brother Tried To Kill Girl setting her on fire). ബഹാദുർഗഡ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഹാപുരിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി ചികിത്സയിലാണ്. പെൺകുട്ടിക്ക് മറ്റൊരു യുവാവുമായുള്ള ബന്ധം വീട്ടുകാർ എതിർത്തിരുന്നതായി ഹാപുർ എഎസ്‌പി രാജ്‌കുമാർ പറഞ്ഞു.
ഇതിന് പിന്നാലെ രോക്ഷാകുലരായ കുടുംബം ദുരഭിമാനത്തിന്‍റെ (Suspected Case of honour killing) പേരിൽ പെൺകുട്ടിയെ അടുത്തുള്ള വയലിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും മർദിക്കുകയും ചെയ്‌തു. ശേഷം പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ശരീരത്തിൽ തീ ആളിപ്പടര്‍ന്നതോടെ പെൺകുട്ടി സഹായത്തിനായി ഉറക്കെ നിലവിളിച്ചെങ്കിലും ആ സമയം പ്രദേശത്ത് ആരും തന്നെ ഉണ്ടായിരുന്നില്ല. പിന്നീട് കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
പൊലീസ് സ്ഥലത്തെത്തിയതോടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച പെൺകുട്ടിയുടെ അമ്മയേയും സഹോദരനേയും നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. പെൺകുട്ടിയെ പൊലീസ് ചികിത്സയ്‌ക്കായി അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലേക്ക് എത്തിച്ചു. ഇവരുടെ ആരോഗ്യനില അതീവഗുരുതരമാണെന്ന് ഡോക്‌ടർമാർ അറിയിച്ചു. അതേസമയം, കസ്‌റ്റഡിയിലെടുത്ത സ്‌ത്രീയേയും മകനേയും പൊലീസ് ചോദ്യം ചെയ്‌തുവരികയാണ്.