സേലം :തുടർച്ചയായി പെയ്ത മഴയിൽ ആനവാരി വെള്ളച്ചാട്ടത്തിലെ കുത്തൊഴുക്കിൽപ്പെട്ട അമ്മയെയും കുഞ്ഞിനെയും നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് അതിസാഹസികമായി രക്ഷിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്.
ആരുടെയും നെഞ്ചിടിപ്പേറ്റുന്നതാണ് ഈ ദൃശ്യങ്ങള്‍. സേലം ജില്ലയിലെ ആറ്റൂരിനടുത്തുള്ള വെള്ളച്ചാട്ടത്തിൽ സ്ത്രീയും കുഞ്ഞും ഉൾപ്പടെ അഞ്ചുപേരാണ് കുടുങ്ങിയത്. വിനോദസഞ്ചാര കേന്ദ്രം സന്ദർശിക്കാനെത്തിയവര്‍ പെട്ടെന്നുണ്ടായ കുത്തൊഴുക്കിൽ അകപ്പെടുകയായിരുന്നു.
കുത്തൊഴുക്കിൽപ്പെട്ട അമ്മയെയും കുഞ്ഞിനെയും അതിസാഹസികമായി രക്ഷപ്പെടുത്തി കുത്തിയൊഴുകുന്ന വെള്ളച്ചാട്ടത്തിന് സമീപമുള്ള പാറക്കെട്ടിൽ തന്‍റെ കുഞ്ഞുമായി ഇരിക്കുന്ന സ്ത്രീയെ വനംവകുപ്പ് ഉദ്യോഗസ്ഥരും രണ്ട് യുവാക്കളും ചേർന്ന് രക്ഷിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. രക്ഷാപ്രവർത്തനത്തിനിടെ യുവാക്കള്‍ വെള്ളത്തിലേക്ക് വഴുതി വീണെങ്കിലും ഇവർ നീന്തി രക്ഷപ്പെടുകയായിരുന്നു.
ALSO READ: അപൂര്‍വയിനം മൂര്‍ഖൻ, പ്രതിരോധത്തിനായി മനുഷ്യന്‍റെ കണ്ണിലേയ്ക്ക് വിഷം ചീറ്റും!
അതേസമയം സ്വന്തം ജീവൻ പണയപ്പെടുത്തി വനംവകുപ്പ് ഉദ്യോഗസ്ഥരോടൊപ്പം ചേർന്ന് അമ്മയെയും കുഞ്ഞിനെയും രക്ഷിച്ച യുവാക്കളെ തമിഴ്‌നാട് മുഖ്യമന്ത്രി അഭിനന്ദിച്ചു. ഇരുവരുടെയും സാഹസികപ്രവർത്തനം ശ്ലാഘനീയമാണെന്നും അതേസമയം ദുരന്തസമയത്ത് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സേലം ജില്ലയിലെ ആറ്റൂരിനടുത്തുള്ള കൽവരയൻ മലനിരകളിലാണ് മുട്ടൽ തടാകവും ആനവാരി വെള്ളച്ചാട്ടവും സ്ഥിതി ചെയ്യുന്നത്. വെള്ളച്ചാട്ടങ്ങളും പാർക്കുകളും കോട്ടേജുകളുമുള്ള ഒരു വിനോദസഞ്ചാര കേന്ദ്രമായി ഇത് പരിപാലിച്ചുപോരുന്നു. കൊവിഡ് ഇളവുകളുടെ ഭാഗമായി രണ്ട് മാസം മുമ്പാണ് പൊതുജനങ്ങൾക്കായി ഇവിടം തുറന്നുനൽകിയത്.