ഹൈദരാബാദ് : ആഘോഷം ഏതായാലും വിഭവ സമൃദ്ധമായ ഭക്ഷണം നമുക്ക് നിര്‍ബന്ധമാണ്. തിരക്കുപിടിച്ച ആധുനിക ജീവിതത്തില്‍ ഉത്സവ ദിനങ്ങളിലെ രുചി വൈവിധ്യങ്ങള്‍ക്കായി ഫുഡ് ഡെലിവറി അഗ്രഗേറ്റര്‍മാരെയാണ് ആളുകള്‍ കൂടുതലായി ആശ്രയിക്കുന്നത്. ഇന്ത്യയിലെ പ്രധാന ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗിയുടെ കണക്കനുസരിച്ച് പുതുവത്സര തലേന്ന് 3.05 ലക്ഷം ബിരിയാണിയും 2.5 ലക്ഷം പിസ്സയുമാണ് അവര്‍ വിതരണം ചെയ്‌തത്.
കൂടുതല്‍ പേരും ഹൈദരാബാദി ബിരിയാണി ആണ് സ്വിഗ്ഗിയില്‍ ഓര്‍ഡര്‍ ചെയ്‌തത്. 75.4 ശതമാനം ആളുകളാണ് ഹൈദരാബാദി ബിരിയാണി തെരഞ്ഞെടുത്തത്. 14.2 ശതമാനം ആളുകള്‍ ലഖ്‌നോവി ബിരിയാണിയും 10.4 ശതമാനം ആളുകള്‍ കൊല്‍ക്കത്ത ബിരിയാണിയും സ്വിഗ്ഗിയില്‍ നിന്നും വാങ്ങി. ഹൈദരാബാദിലെ മുൻനിര റെസ്റ്റോറന്‍റുകളിൽ ഒന്നായ ബാവർച്ചി കഴിഞ്ഞ പുതുവത്സര രാവിൽ മിനിറ്റിൽ രണ്ട് ബിരിയാണി വീതം വിതരണം ചെയ്‌തിരുന്നു. ഇതേ ഡിമാന്‍ഡ് നിലനിര്‍ത്തുന്നതിനായി ഈ പുതുവര്‍ഷ തലേന്ന് 15 ടണ്‍ ബിരിയാണിയാണ് ബാവര്‍ച്ചി തയ്യാറാക്കിയത്.