ന്യൂഡല്‍ഹി : ലഖിംപുര്‍ ഖേരിയില്‍ കര്‍ഷകറാലിയിലേക്ക് വാഹനം ഇടിച്ചുകയറ്റിയ സംഭവത്തില്‍ തനിക്കും മകനും പങ്കില്ലെന്ന് കേന്ദ്ര മന്ത്രി അജയ് മിശ്ര. കലാപത്തില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകരേയും തങ്ങളുടെ വാഹന വ്യൂഹത്തിലെ ഒരു ഡ്രൈവറേയും പ്രതിഷേധക്കാര്‍ അടിച്ച് കൊന്നുവെന്നും അദ്ദേഹം ആരോപിച്ചു.
ലഖിംപുര്‍ ഖേരിയില്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ. അദ്ദേഹത്തെ സ്വീകരിക്കാനാണ് ബിജെപി പ്രവര്‍ത്തകര്‍ക്കൊപ്പം താനും പോയത്. എന്നാല്‍ പരിപാടിക്ക് എത്തുന്നവര്‍ക്കെതിരെ പ്രതിഷേധവുമായി ഒരു കൂട്ടം കര്‍ഷകര്‍ എത്തുകയായിരുന്നു.
ഇവര്‍ വാഹന വ്യൂഹത്തിന് നേരെ കല്ലെറിയുകയും ആക്രമണം നടത്തുകയും ചെയ്തു. അക്രമത്തിനിടെ പ്രതിഷേധക്കാരില്‍ രണ്ടുപേര്‍ കാറിന് അടിയില്‍പ്പെട്ട് മരിച്ചു. ഇതേതുടര്‍ന്നാണ് അക്രമങ്ങള്‍ അരങ്ങേറിയത്. ഈ സമയത്ത് തന്‍റെ മകന്‍ അവിടെ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.