ന്യൂഡല്‍ഹി: ഇസ്രയേൽ റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി യുവതി സൗമ്യ സന്തോഷിൻ്റെ മൃതദേഹം നാളെ കേരളത്തിലെത്തിക്കും. നാളെ പുലര്‍ച്ചെ പ്രത്യേക വിമാനത്തിൽ ഡൽഹിയിലെത്തിക്കുന്ന മൃതദേഹം ഉച്ച കഴിഞ്ഞ് എയര്‍ ഇന്ത്യ വിമാനത്തിൽ കൊച്ചിയിലെത്തിക്കുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ അറിയിച്ചു. ഡൽഹിയിൽ സൗമ്യ സന്തോഷിൻ്റെ മൃതദേഹം എത്തുമ്പോള്‍ താൻ നേരിട്ടു പോയി ഏറ്റുവാങ്ങുമെന്ന് വി മുരളീധരൻ ട്വീറ്റ് ചെയ്തു. നെടുമ്പാശേരി വിമാനത്താവളത്തിലേയ്ക്ക് എയര്‍ ഇന്ത്യ വിമാനത്തിൽ എത്തിക്കുന്ന മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇസ്രയേലിലെ ടെൽ അവീവ് ബെൻ ഗുറിയോൺ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് വെള്ളിയാഴ്ച രാത്രിയോടു കൂടി മൃതദേഹവും വഹിച്ചു കൊണ്ടുള്ള വിമാനം പുറപ്പെടുമെന്ന് മുൻപ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
സൗമ്യയുടെ മൃതദേഹം നാളെ കേരളത്തിലെത്തിക്കും;ഡല്‍ഹിയിലെത്തി ഏറ്റുവാങ്ങുമെന്ന് വി. മുരളീധരന്‍ - വി മുരളീധരൻ
ഡൽഹിയിൽ സൗമ്യ സന്തോഷിൻ്റെ മൃതദേഹം എത്തുമ്പോള്‍ താൻ നേരിട്ടു പോയി ഏറ്റുവാങ്ങുമെന്ന് വി മുരളീധരൻ ട്വീറ്റ് ചെയ്തു.
Read More:ഇസ്രയേലിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്‍റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കുമെന്ന് മുഖ്യമന്ത്രി
ചൊവ്വാഴ്ച പലസ്തീൻ ഇസ്ലാമിക സംഘം നടത്തിയ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട 30 കാരിയായ സൗമ്യ കേരളത്തിലെ ഇടുക്കി സ്വദേശിയാണ്. കഴിഞ്ഞ എട്ട് വർഷമായി ഇസ്രയേലിൽ ജോലിചെയ്ത് വരികയായിരുന്നു. ഭര്‍ത്താവും 9 വയസുള്ള മകനും കേരളത്തിലാണ് താമസം. സന്തോഷിന്‍റെ കുടുംബവുമായി ഇസ്രയേൽ എംബസി ബന്ധപ്പെട്ടിട്ടുണ്ടെന്നും, മൃതദേഹം ശനിയാഴ്ചയോടെ വിമാനത്തിൽ കൊണ്ടുവരുമെന്നും ഇസ്രയേൽ ഡെപ്യൂട്ടി പ്രതിനിധി റോണി യെഡിഡിയ ക്ലീൻ വ്യാഴാഴ്ച എഎൻഐയോട് പറഞ്ഞിരുന്നു.