ന്യൂഡൽഹി : ഇസ്രയേലിൽ ഹമാസിന്‍റെ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്‍റെ മൃതദേഹം ഇന്ത്യയിലെത്തിച്ചു. വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ, ഇസ്രയേൽ എംബസി പ്രതിനിധി യെദിദിയ ക്ലീൻ എന്നിവർ ഡല്‍ഹിയിലെത്തിച്ച മൃതദേഹത്തില്‍ ആദരമർപ്പിച്ചു. ഇന്നുതന്നെ കേരളത്തിലെത്തിക്കുമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ പറഞ്ഞു.
ചൊവ്വാഴ്‌ചയാണ് ഇടുക്കി സ്വദേശി സൗമ്യ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഗാസ മുനമ്പിനോട് ചേർന്ന അഷ്‌കലോണിൽ സൗമ്യ താമസിച്ചിരുന്ന കെട്ടിടത്തിൽ റോക്കറ്റ് പതിക്കുകയായിരുന്നു. ഏഴുവർഷമായി ഇസ്രയേലിൽ ജോലിചെയ്‌തുവരികയായിരുന്നു സൗമ്യ. ഭർത്താവും ഏഴുവയസുള്ള മകനും അടങ്ങുന്നതാണ് കുടുംബം.