ന്യൂഡൽഹി:കുനൂരിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്‍റെയും അദ്ദേഹത്തിന്‍റെ ഭാര്യയുടെയും ഉൾപ്പെടെ ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന മറ്റ് സായുധ സേനാംഗങ്ങളുടെയും ഭൗതിക ശരീരം ഇന്ന് വൈകുന്നേരത്തോടെ (09 ഡിസംബര്‍ 2021) ഡൽഹിയിലെത്തിക്കുമെന്ന് അധികൃതർ.
ALSO READ:Bipin Rawat Passes Away|സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് അന്തരിച്ചു
ഭൗതിക ശരീരം വെള്ളിയാഴ്ച സ്വന്തം വീട്ടിലെത്തിക്കും. രാവിലെ 11 മുതൽ ഉച്ചയ്ക്ക് രണ്ട് വരെ പൊതുദർശനത്തിന് അനുവദിക്കും. തുടർന്ന് കാമരാജ് മാർഗിൽ നിന്ന് വിലാപയാത്രയായി എത്തിക്കുന്ന ഭൗതിക ശരീരം ഔദ്യോഗിക ബഹുമതികളോടെ ഡൽഹി കന്‍റോൺമെന്‍റിലെ ബ്രാർ സ്‌ക്വയർ ശ്മശാനത്തിൽ സംസ്കരിക്കും.
ഊട്ടിക്ക് സമീപപ്രദേശമായ കുനൂരില്‍ ബുധനാഴ്ച ഉച്ചയോടെയായിരുന്നു (08 ഡിസംബര്‍ 2021) സംഭവം. കനത്ത മഞ്ഞ് വീഴ്‌ചയില്‍ ഹെലികോപ്റ്റര്‍ തകർന്നുവീഴുകയായിരുന്നു.
ഹെലികോപ്റ്ററില്‍ ആകെയുണ്ടായിരുന്ന 14 പേരില്‍ 13 പേരും മരിച്ചതായി സേന സ്ഥിരീകരിച്ചു. ജനറൽ ബിപിൻ റാവത്തിനെ കൂടാതെ പത്നി മധുലിക റാവത്ത്, സംയുക്ത സൈനിക മേധാവിയുടെ ഓഫിസ് ജീവനക്കാര്‍, സുരക്ഷാഭടൻമാര്‍ എന്നിവര്‍ അടക്കമാണ് ആകെ 13 പേർ.