ഐസ്വാൾ:സൈനിക അട്ടിമറിക്കെതിരെ രാജ്യത്ത് പ്രക്ഷോഭം തുടരുന്ന സാഹചര്യത്തിൽ മ്യാൻമർ അഭയാർഥികൾ വ്യാപകമായി ഇന്ത്യയിലേക്ക് കുടിയേറുന്നതായി റിപ്പോർട്ട്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ മ്യാൻമറിലെ ചിൻ സംസ്ഥാനത്ത് നിന്ന് 12,939 പേർ ഇതിനോടകം മിസോറാമിന്‍റെ വിവധ മേഖലകളിൽ അഭയം പ്രാപിച്ചതായി മിസോറാം പൊലീസ് പറയുന്നു. ഇവരിൽ 1,518 അഭയാർഥികളുടെ വിശദമായ വിവരങ്ങൾ ഇനിയും രേഖപ്പെടുത്താനുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
എന്നാൽ ദിനംപ്രതി അഭയാർഥികൾ അയൽരാജ്യത്ത് നിന്ന് എത്തുന്നതിനാൽ ഇവരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്. കൂടാതെ അന്താരാഷ്ട്ര അതിർത്തിക്ക് സമീപം താമസിക്കുന്ന ചിലർ പതിവായി ഇന്ത്യയിലേക്ക് പ്രവേശിക്കുകയും പുറത്തുപോകുകയും ചെയ്യുന്നതായും റിപ്പോർട്ടുണ്ട്.
അതേസമയം രാജ്യത്തേക്കെത്തിയ മ്യാൻമർ പൗരർക്ക് വേണ്ടുന്ന ഭക്ഷണവും താമസസൗകര്യവും തദ്ദേശവാസികൾ, സമുദായിക നേതാക്കൾ, എൻ.ജി.ഒകൾ തുടങ്ങിയവർ വഴി ഒരുക്കിയതായും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
ALSO READ:100 കോടി വാക്‌സിനേഷന്‍ : പരിശ്രമത്തിന്‍റെയും മന്ത്രത്തിന്‍റെയും നേട്ടമെന്ന് മോദി
മിസോറാം പൊലീസ് നൽകുന്ന വിവരം അനുസരിച്ച് 11 ജില്ലകളിലും അഭയാർഥികൾ കുടിയേറിയിട്ടുണ്ട്. ഇവയിൽ ചംഫായ്, ലോങ്‌ട്‌ലൈ, സിയാഹ, സെർചിപ്പ്, ഹ്നഥിയാൽ, സൈച്വൽ എന്നീ അതിർത്തി ജില്ലകളിലായി 9,411 അഭയാർഥികളെ പാർപ്പിച്ചിരിക്കുന്നു. ഏറ്റവും കൂടുതൽ പേരെ പാർപ്പിച്ചിരിക്കുന്നത് ചംഫായ് ജില്ലയിലാണ്. 5,998 പേരാണ് നിലവിൽ ഇവിടെ അഭയം പ്രാപിച്ചിരിക്കുന്നത്. അതേസമയം തലസ്ഥാനമായ ഐസ്വാളിൽ 1,622 പേർ കുടിയേറി.
ഫെബ്രുവരി ഒന്നിനാണ് മ്യാൻമർ സൈന്യം സർക്കാരിനെ അട്ടിമറിച്ച് അധികാരം പിടിച്ചെടുക്കുന്നത്. തുടർന്ന് രാജ്യത്ത് ഒരു വർഷം നീണ്ട അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്‌തു. അട്ടിമറിക്കെതിരെ സൈന്യവും വിമതരും തമ്മിൽ മ്യാൻമറിൽ പ്രക്ഷോഭം തുടരുകയാണ്. ഈ സാഹചര്യത്തിലാണ് നിരവധി പേർ രാജ്യം വിട്ട് മിസോറാമിലേക്ക് അഭയം പ്രാപിക്കുന്നത്. ഇവരിൽ ഭൂരിഭാഗവും മിസോകളുമായി വംശീയ ബന്ധം പങ്കിടുന്ന ചിൻ കമ്മ്യൂണിറ്റികളിൽ നിന്നുള്ളവരാണ്.