ലക്‌നൗ (യുപി): നിയമസഭ തെരഞ്ഞെടുപ്പിന് ആഴ്‌ചകള്‍ മാത്രം അവശേഷിക്കേ ബിജെപിക്ക് കനത്ത പ്രഹരം നല്‍കി യോഗി മന്ത്രിസഭയിലെ ഒരു മന്ത്രി ഉള്‍പ്പടെ നാല് എംഎല്‍എമാര്‍ രാജി വച്ചു. യോഗി മന്ത്രിസഭയിലെ തൊഴില്‍വകുപ്പ് മന്ത്രി സ്വാമി പ്രസാദ് മൗര്യ, കാന്‍പൂരില്‍ നിന്നുള്ള എംഎല്‍എ ഭഗവതി സാഗര്‍, ബന്ദയില്‍ നിന്നുള്ള ബ്രിജേഷ് പ്രജാപതി, ഷാജഹാന്‍പൂരില്‍ നിന്നുള്ള റോഷന്‍ ലാല്‍ വര്‍മ എന്നിവരാണ് പാര്‍ട്ടി വിട്ടത്.
സ്വാമി പ്രസാദ് മൗര്യയാണ് ആദ്യം രാജി വച്ചത്. വ്യത്യസ്ത പ്രത്യയശാസ്ത്രമാണെങ്കിലും യോഗി ആദിത്യനാഥ് മന്ത്രിസഭയിൽ അർപ്പണബോധത്തോടെയാണ് സേവനമനുഷ്‌ഠിച്ചത്. എന്നാല്‍ ദലിത്, പിന്നാക്ക വിഭാഗങ്ങള്‍, കർഷകർ, തൊഴിൽരഹിതരായ യുവാക്കൾ, ചെറുകിട, ഇടത്തരം വ്യവസായികൾ എന്നി വിഭാഗങ്ങളോടുള്ള പാർട്ടിയുടെ അവഗണനയില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് ഗവർണർ ആനന്ദിബെന്‍ പട്ടേലിനയച്ച രാജിക്കത്തില്‍ സ്വാമി പ്രസാദ് മൗര്യ വ്യക്തമാക്കി.
സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ന്ന മൗര്യയെ പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് സ്വാഗതം ചെയ്‌തു. സമത്വത്തിനും അധസ്ഥിതരുടെ അവകാശങ്ങൾക്കും വേണ്ടി എന്നും നിലകൊണ്ട സ്വാമി പ്രസാദ് മൗര്യയെ സമാജ്‌വാദി പാർട്ടി സ്വാഗതം ചെയ്യുന്നുവെന്ന് സമാജ്‌വാദി പാര്‍ട്ടി ട്വിറ്ററില്‍ കുറിച്ചു.