ചണ്ഡിഗഡ് :ഗായകൻ സിദ്ദു മൂസേവാലയുടെ കൊലപാതകത്തിൽ കുറ്റസമ്മതം നടത്തി ലോറൻസ് ബിഷ്‌ണോയിയുടെ അനന്തരവൻ. ലോറൻസ് സംഘം കൊലപാതകത്തിന്‍റെ ഉത്തരവാദിത്തം നേരത്തെ ഏറ്റെടുത്തിരുന്നു. താനുള്‍പ്പടെയാണ് സിദ്ദുവിനെ വെടിവച്ച് കൊലപ്പെടുത്തിയതെന്നാണ്, ലോറൻസ് ബിഷ്‌ണോയിയുടെ അനന്തരവൻ സച്ചിൻ ബിഷ്‌ണോയിയുടെ കുറ്റസമ്മതം.
ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ ശബ്‌ദ സന്ദേശത്തിലാണ് സച്ചിന്‍റെ വെളിപ്പെടുത്തൽ. എന്നാൽ ശബ്‌ദ സന്ദേശം സച്ചിന്‍റേത് തന്നെയാണോ എന്നത് സ്ഥിരീകരിച്ചിട്ടില്ല. വിക്കി മിദുഖേരയുടെ കൊലപാതകത്തെ തുടർന്നുണ്ടായ കുടിപ്പകയാണ് കൊലപാതകത്തിന് പിന്നിലെന്നും ശബ്‌ദ സന്ദേശത്തിൽ പറയുന്നു.
അതേസമയം വിഷയത്തില്‍ പൊലീസ് ഉദ്യോഗസ്ഥർ ഇതുവരെ പ്രതികരിച്ചിട്ടില്ല. വിക്കി മിദുഖേര വധക്കേസിൽ പൊലീസ് നിരവധി ഗുണ്ടാസംഘങ്ങളെ ചോദ്യം ചെയ്‌തതായും മൂസേവാലയ്ക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്ന് തെളിഞ്ഞതായും സച്ചിൻ പറയുന്നു.
വിക്കി മിദുഖേരയുടെ കൊലപാതകത്തിൽ ഉൾപ്പെട്ട പ്രതികൾക്ക് സിദ്ദു സാമ്പത്തിക സഹായം ചെയ്‌തതായും താമസസ്ഥലം ഒരുക്കി നൽകിയതായും കണ്ടെത്തിയിരുന്നു. എന്നാൽ പൊലീസ് സിദ്ദുവിനെതിരെ നടപടികളൊന്നും സ്വീകരിച്ചില്ല. ഇതേതുടർന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സച്ചിന്‍റേതെന്ന് പറയപ്പെടുന്ന ശബ്‌ദസന്ദേശത്തിലുണ്ട്.
ഗുണ്ടാനേതാവ് ഗോൾഡി ബ്രാറിന്‍റെ സഹോദരൻ ഗുർലാൽ ബ്രാറിന്‍റെ കൊലപാതകത്തിലും സിദ്ദുവിന് പങ്കുണ്ടായിരുന്നതായി സച്ചിൻ ആരോപിക്കുന്നു.