ഭോപ്പാൽ: കൊവിഡ് ബാധിച്ച് മാതാപിതാക്കൾ നഷ്‌ടപ്പെട്ട കുട്ടികൾക്ക് 5,000 രൂപ പ്രതിമാസ പെൻഷനുമായി മധ്യപ്രദേശ് സർക്കാർ. തുക അക്കൗണ്ടുകളിലേക്ക് മാറ്റുന്നത് ഇന്നലെ മുതൽ ആരംഭിച്ചതായി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ അറിയിച്ചു.
ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ ഏഴ് വർഷം പൂർത്തിയാക്കിയ ഇന്നലെ അദ്ദേഹം ഓഫീസിൽ വച്ചാണ് ഇക്കാര്യം അറിയിച്ചത്. ഒപ്പം റേഷൻ കിറ്റുകളും മാസ്‌കുകളും മുഖ്യമന്ത്രി വിതരണം ചെയ്‌തു. ഇത്തരം കുട്ടികളുടെ ഭക്ഷണ, വിദ്യാഭ്യാസ ആവശ്യങ്ങളും സംസ്ഥാന സർക്കാർ ശ്രദ്ധിക്കും. മെയ് 13ന് മുഖ്യമന്ത്രി മാതാപിതാക്കളെ നഷ്‌ടപ്പെട്ട കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസവും റേഷനും കൂടാതെ പ്രതിമാസം 5,000 രൂപ പെൻഷനും നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു.