ഗുവാഹത്തി / ഡൽഹി / മുംബൈ : അസമിൽ മഴ തുടരുന്നു. വടക്കുകിഴക്കൻ സംസ്ഥാനത്തെ ഒമ്പത് ജില്ലകളിലായി നാല് ലക്ഷത്തിലധികം ആളുകളെയാണ് കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി പെയ്‌ത മഴയിൽ പ്രളയം ബാധിച്ചത്. അതേസമയം ഡൽഹിയിലും മുംബൈയിലും കാലവർഷം ആരംഭിച്ചിട്ടുണ്ട്.
അസമിൽ പ്രളയം :അസമിൽ ജലനിരപ്പ് താഴ്‌ന്നെങ്കിലും കഴിഞ്ഞ ദിവസങ്ങളിലായുണ്ടായ വെള്ളപ്പൊക്കത്തിൽ ഇത് വരെ മൂന്ന് പേരുടെ മരണം റിപ്പോർട്ട് ചെയ്‌തതായി അസം സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്‍റ് അതോറിറ്റി ഉദ്യോഗസ്ഥർ അറിയിച്ചു. ബക്‌സ, ബാർപേട്ട, ദരംഗ്, ധുബ്രി, ഗോൾപാറ, കാംരൂപ്, ലഖിംപൂർ, നാൽബാരി, ഉദൽഗുരി ജില്ലകളിലായി 4,07,700 ലധികം പേരെയാണ് പ്രളയം ബാധിച്ചിട്ടുള്ളത്. ഈ ജില്ലകളിലായി 101 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്.
മൊത്തം 81,352 പേർ ഇവിടെ അഭയം പ്രാപിച്ചിട്ടുണ്ട്. ഇതിന് പുറമെ 119 ദുരിതാശ്വാസ വിതരണ കേന്ദ്രങ്ങളും ഭരണകൂടം തുറന്നിട്ടുണ്ട്. നിലവിൽ 1,118 ഗ്രാമങ്ങൾ വെള്ളത്തിനടിയിലാണ്. അസമിലുടനീളം 8,469.56 ഹെക്‌ടർ കൃഷിയാണ് പ്രളയത്തിൽ നശിച്ചത്. ബക്‌സ, ബാർപേട്ട, സോണിത്‌പൂർ, ധുബ്രി, കാംരൂപ്, കൊക്രജാർ, നാൽബാരി, സൗത്ത് സൽമാര, ഉദൽഗുരി എന്നിവിടങ്ങളിൽ വലിയ രീതിയിൽ മണ്ണൊലിപ്പും ഉണ്ടായിട്ടുണ്ട്.
നിരവധി ജലാശയങ്ങൾ കരകവിഞ്ഞൊഴുകിയതോടെ റോഡുകൾ, പാലങ്ങൾ തുടങ്ങി പല അടിസ്ഥാന സൗകര്യങ്ങളും താറുമാറായി. ദരാംഗ് ജില്ലയിൽ പലയിടത്തും നഗരപ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ബ്രഹ്മപുത്ര നദിയിലെ ജലനിരപ്പ് അപകടരേഖയ്‌ക്ക് മുകളിലാണ്.