ന്യൂഡല്‍ഹി: ഇഡിയുടെ മൊത്തം കേസുകളില്‍ ജനപ്രതിനിധികള്‍ക്കും (എംപി, എംല്‍എ) മുന്‍ ജനപ്രതിനിധികള്‍ക്കും എതിരെയുള്ളത് 2.98ശതമാനം മാത്രം. പണംപൂഴ്ത്തി വയ്പ്പിന് എതിരായ നിയമത്തിലെ വകുപ്പുകള്‍ പ്രകാരം എടുത്ത കേസുകളിലെ കണ്‍വിക്ഷന്‍ റേറ്റ് (കുറ്റക്കാരാണ് എന്ന് കോടതി വിധിക്കുന്നത്) 96 ശതമാനം. മൂന്ന് നിയമങ്ങളാണ് ഇഡി നടപ്പാക്കുന്നത്. പിഎംഎല്‍എ (Prevention of Money Laundering Act), ഫെമ ( Foreign Exchange Management Act ) എഫ്ഇഒ(Fugitive Economic Offenders Act ) എന്നിവയാണ് ഇവ. ഈ നിയമങ്ങളുമായി ബന്ധപ്പെട്ട് 2023 ജനുവരി 31വരെ എടുത്ത നടപടികളുടെ വിവരങ്ങള്‍ ഇഡി പുറത്തുവിട്ടു.
പിഎംഎല്‍എ നിയമം പാസാക്കുന്നത് 2002ലാണ്. ഈ നിയമം നടപ്പാക്കുന്നതിന് ഇഡി ചുമതലപ്പെടുന്നത് 2005 മുതലാണ്. വലിയ അധികാരങ്ങളാണ് പിഎംഎല്‍എ നിയമവുമായി ബന്ധപ്പെട്ട് ഇഡിക്കുള്ളത്. പിഎംഎല്‍എ കേസുകളുമായി ബന്ധപ്പെട്ട് ആളുകളെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കാനും (summon), അറസ്റ്റ് ചെയ്യാനും, അന്വേഷണ ഘട്ടത്തില്‍ തന്നെ കുറ്റാരോപിതന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാനും, കുറ്റവാളികളെ വിചാരണ ചെയ്യാനും ഇഡിക്ക് അധികാരം ഉണ്ട്.
പൊലീസിന്റെ എഫ്ഐആറിന് തുല്യമാണ് ഇഡിയുടെ ഇസിഐആര്‍ (Enforcement Case Information Reports ). പിഎംഎല്‍എ പ്രകാരം എംപി, എംഎല്‍എ മാര്‍ക്കെതിരേയും മുന്‍ എംപി, മുന്‍ എംഎല്‍എമാര്‍ക്കെതിരേയും 176 ഇസിഐആറുകളാണ് നിയമം നിലവില്‍ വന്നതിന് ശേഷം ഈ വര്‍ഷം ജനുവരി 31 വരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പിഎംഎല്‍എ നിയമ പ്രകാരം ഇഡി ആകെയെടുത്ത കേസുകള്‍ 5,906. അതുകൊണ്ട് തന്നെ ജനപ്രതിനിധികള്‍ക്ക് എതിരേയും മുന്‍ ജനപ്രതിനിധികള്‍ക്ക് എതിരേയും പിഎംഎല്‍എ പ്രകാരം ഇഡി എടുത്ത കേസുകള്‍ ആകെ പിഎല്‍എ കേസുകളുടെ 2.98 ശതമാനമാണ് വരുന്നത്.
പിഎംഎല്‍എ കേസുകളിലെ വിശദാംശങ്ങള്‍:ഇതുവരെ പിഎംഎല്‍എ കേസുകളില്‍ 1,142 കുറ്റപത്രങ്ങള്‍ സമര്‍പ്പിക്കുകയും 513 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 25 പിഎംഎല്‍എ കേസുകളിലെ വിചാരണയാണ് ഇതുവരെ പൂര്‍ത്തിയായത്. ഒരു കേസ് ഒഴികെ 24 കേസുകളിലും കോടതി പ്രതികള്‍ക്ക് ശിക്ഷ വിധിച്ചു.