'അമ്പമ്പോ ഇതെന്തൊരു വേഷം.. എന്തൊരു സ്റ്റൈൽ..'സോഷ്യൽ മീഡിയ തങ്ങളുടെ ഇഷ്‌ടതാരത്തോട് ചോദിക്കുന്നു... ജെയിലറിലെ കാമിയോ റോളും അതിലെ മോഹൻലാലിന്‍റെ ലുക്കും കണ്ടുള്ള അമ്പരപ്പ് വിട്ടുമാറാത്ത ആരാധകർക്കിടയിലേക്കാണ് താരം അതേ ലുക്കിൽ ഇന്നലെ ഒരു ഫോട്ടോ കൂടി പോസ്റ്റ് ചെയ്‌ത് നിലക്കാത്ത ആരവത്തിന് ആക്കം കൂട്ടിയത്.
പേസ്റ്റൽ ബ്ലൂ പാന്‍റിനോട് ഫ്ലോറൽ പ്രിന്‍റഡ് പിങ്ക് ഷർട്ട് ജോഡിയാക്കി ഇൻ ചെയ്‌ത്, ആക്‌സസറീസുമിട്ട് ലുക്ക് കംപ്ലീറ്റ് ചെയ്‌തുകൊണ്ടുള്ള സ്റ്റൈലൻ പിക്. നെറ്റിയിലേക്ക് വീണുകിടക്കുന്ന നീളൻ തലമുടിയും വളർന്നിറങ്ങിയ താടിയും ആ കൂളിങ് ഗ്ലാസും കാലിലെ ബ്ലാക് ഷൂവും കൂടിയായപ്പോൾ ജയിലറിലെ മാത്യുവിനെ വീണ്ടും കണ്ടതിന്‍റെ ആവേശത്തിലായി ആരാധകർ. പ്രമുഖരടക്കം നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്‍റുമായി എത്തിയത്. 12,06,386 ലൈക്കാണ് പത്തൊമ്പത് മണിക്കൂറിനുള്ളിൽ ചിത്രത്തിന് ലഭിച്ചത്.
എനിക്കീ ലുക്ക് കൊണ്ടുവരാൻ പറ്റുമെന്ന് അൽഫോൻസ് പുത്രൻ : താരത്തിന്‍റെ ഇതേ ചിത്രം ബ്ലാക്ക് ആൻഡ് വൈറ്റാക്കി സംവിധായകൻ അൽഫോൻസ് പുത്രൻ റീപോസ്റ്റ് ചെയ്‌തിരുന്നു.'ഏതാണ്ട് എനിക്കീ ലുക്ക് കൊണ്ടുവരാൻ പറ്റും എന്നാണ് എനിക്ക് തോന്നുന്നത് ലാലേട്ടാ..' എന്ന് കുറിച്ചുകൊണ്ടാണ് അൽഫോൻസ് ചിത്രം പോസ്റ്റ് ചെയ്‌തത്.
തീയേറ്ററിലെ 'തൂക്കിയടി' : കണ്ടുപഴകിയ ലാലേട്ടൻ ലുക്കുകളിൽ നിന്ന് വ്യത്യസ്‌തമായി വളരെ സ്റ്റൈലിഷ് ലുക്കിലായിരുന്നു താരത്തിന്‍റെ ജയിലറിലെ ലുക്ക്. സമൂഹ മാധ്യമങ്ങളിലും 'ലാലേട്ടൻ ലുക്കി'നെപ്പറ്റിയായി ചർച്ച. ചിത്രത്തിൽ വളരെ ചുരുങ്ങിയ സമയമാണെങ്കിൽ പോലും മാത്യുവായി എത്തിയ മോഹൻലാലിന് തീയേറ്ററിൽ നിറഞ്ഞ കൈയടിയായിരുന്നു ലഭിച്ചത്.