അടിക്കുറിപ്പില്ലാതെ മോഹന്‍ലാല്‍ (Mohanlal) കഴിഞ്ഞ ദിവസം ഫേസ്‌ബുക്കില്‍ പങ്കുവച്ച ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. ഒരു ബോക്‌സറുടെ ഗെറ്റപ്പിലുള്ള ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. പോസ്റ്റ് ചെയ്‌ത് നിമിഷ നേരം കൊണ്ട് തന്നെ മോഹന്‍ലാലിന്‍റെ ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറി.
15 മണിക്കൂറിനകം തന്നെ ഒരു ലക്ഷത്തിലധികം ലൈക്കുകള്‍ ഈ ചിത്രത്തിന് ലഭിച്ചു കഴിഞ്ഞു. ചുവന്ന ഹാര്‍ട്ട് ഇമോജികളും ഫയര്‍ ഇമോജികളുമായി നിരവധി പേര്‍ താരത്തിന്‍റെ കമന്‍റ് ബോക്‌സുകളും നിറച്ചിട്ടുണ്ട്.
അതേസമയം ഈ ഗെറ്റപ്പ് മോഹന്‍ലാലിന്‍റെ പുതിയ ചിത്രങ്ങളായ 'മലൈക്കോട്ടെ വാലിബന്‍', 'വൃഷഭ' എന്നീ സിനിമകള്‍ക്ക് വേണ്ടി ഉള്ളതാണോ ഈ ബോക്‌സര്‍ ലുക്ക് എന്നാണ് ഒരുക്കൂട്ടം ആരാധകരുടെ ചോദ്യം. ഒരു ഗുസ്‌തിക്കാരനായാണ് 'മലൈക്കോട്ടെ വാലിബന്‍' മോഹന്‍ലാല്‍ വേഷമിടുക.
മോഹന്‍ലാലിന്‍റെ ഫിറ്റനസ്, വര്‍ക്കൗട്ട് വീഡിയോകള്‍ ഇതിന് മുമ്പും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിട്ടുണ്ട്. അടുത്തിടെയും താരം തന്‍റെ ജിം വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.
ലിജോ ജോസ് പെല്ലിശ്ശേരി (Lijo Jose Pellissery) സംവിധാനം ചെയ്യുന്ന 'മലൈക്കോട്ടൈ വാലിബന്‍റെ' (Malaikottai Vaaliban) ചിത്രീകരണം അടുത്തിടെ പൂര്‍ത്തിയായത്.
ഒരു വെസ്‌റ്റേണ്‍ ഫിലിമിന്‍റെ രീതിയിലാണ് 'മലൈക്കോട്ടെ വാലിബനെ' ട്രീറ്റ് ചെയ്‌തിരിക്കുന്നത്. ഇക്കാര്യം മോഹന്‍ലാല്‍ തന്നെയാണ് വ്യക്തമാക്കിയത്. അടുത്തിടെ ഒരു പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
'മലൈക്കോട്ടൈ വാലിബന്‍' പുത്തന്‍ അനുഭവം ആകുമെന്നും മോഹന്‍ലാല്‍ പറഞ്ഞു. 'ഞങ്ങളും വലിയ പ്രതീക്ഷയില്‍ ആണ്. വളരെ വ്യത്യസ്‌തമായ ചിത്രം ആണിത്. ഒരു വെസ്‌റ്റേണ്‍ സിനിമ എന്ന രീതിയിലാണ് 'മലൈക്കോട്ടൈ വാലിബനെ ട്രീറ്റ് ചെയ്‌തിരിക്കുന്നത്. കാലദേശങ്ങള്‍ ഒന്നും ഇല്ലാത്തൊരു കഥയാണ്. അതിലുപയോഗിച്ചിരുന്ന സംഗീതവും കളര്‍ പാറ്റേണ്‍സും ആക്ഷന്‍സുമൊക്കെ ഒരുപക്ഷേ മലയാള സിനിമയില്‍ ആദ്യമായി കാണുന്ന തരത്തിലുള്ള പ്രകടനങ്ങള്‍ ആകും.
അതിന് വേണ്ടിയാണ് എല്ലാവരും ശ്രമിക്കുന്നത്. വലിയ ഒരു ക്യാന്‍വാസില്‍ ആണ് ഈ സിനിമ നിര്‍മിച്ചിരിക്കുന്നത്. ലിജോ ജോസ് അതിനെ വളരെ ഭംഗിയായി കൈകാര്യം ചെയ്‌തിട്ടുണ്ട് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ബാക്കി പ്രേക്ഷകര്‍ പറയട്ടെ.. ഇതിനെ ഒരു മാസ് ചിത്രമായും കുറച്ച് സ്‌പിരിച്വല്‍ സിനിമയായും കാണാം. അതില്‍ ഒരു ഫിലോസഫി ഉണ്ട്. വേണമെങ്കില്‍ വളരെ സീരീയസ് സിനിമയായും ഇതിനെ കാണാം. അത് കാഴ്‌ചക്കാരുടെ മനസ്സിലേക്കാണ് ആ ചോദ്യം എറിഞ്ഞു കൊടുക്കേണ്ടത്.' -മോഹന്‍ലാല്‍ പറഞ്ഞു.
'മലൈക്കോട്ടൈ വാലിബന്‍റെ' ചിത്രീകരണം പൂര്‍ത്തിയാക്കിയ വേളയില്‍ ഒരു വീഡിയോയുമായി മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. സിനിമയെ കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവയ്‌ക്കുന്ന മോഹന്‍ലാലിന്‍റെ വീഡിയോയായിരുന്നു അത്. ഇന്ത്യന്‍ സ്‌ക്രീന്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത ഒന്നാണ് നാം മലൈക്കോട്ടൈ വാലിബന് വേണ്ടി സൃഷ്‌ടിച്ചിരിക്കുന്നതെന്നും ഇത് വളരെ വ്യത്യസ്‌തമായ ചിത്രമാകുമെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു.
വാലിബനിലേക്ക് തന്നെ പരിഗണിച്ച ലിജോ ജോസ് പെല്ലിശ്ശേരിക്ക് മോഹന്‍ലാല്‍ നന്ദിയും പറഞ്ഞു. 'ലിജോ ജോസ് എന്താണെന്ന് നമ്മള്‍ പഠിച്ചുകൊണ്ടിരിക്കുന്നതേ ഉള്ളൂ. നമ്മള്‍ എന്തിനാണ് അദ്ദേഹത്തെ അറിയുന്നത് ? അദ്ദേഹം നമ്മളെയാണ് അറിയേണ്ടത്. 'മലൈക്കോട്ടൈ വാലിബന്‍' അദ്ദേഹത്തിന്‍റെ ഏറ്റവും മികച്ച സിനിമകളില്‍ ഒന്നായിരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു' - ഇപ്രകാരമാണ് മോഹന്‍ലാല്‍ പറഞ്ഞത്.
Also Read:മോഹന്‍ലാല്‍-ലിജോ ചിത്രത്തിന് പാക്കപ്പ്; 'മലൈക്കോട്ടൈ വാലിബ'ന്‍റെ വരവ് കാത്ത് ആരാധകർ